Idukki local

ദേശീയപാതയില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

അടിമാലി: ഒരു മാസമായി ദേശീയപാതയില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. കൊച്ചി-മധുര ദേശീയപാതയില്‍ കല്ലാറിനു സമീപമാണ് റോഡിനു നടുവില്‍ കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഒരുമാസമായിട്ടും ബന്ധപ്പെട്ടവര്‍ ഇതിന് പരിഹാരം കാണാന്‍ തയ്യാറായിട്ടില്ല. ഒരു വര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ച് ആരംഭിച്ച കല്ലാര്‍-കമ്പിലൈന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പ്രധാന പൈപ്പാണ് ഇവിടെ പൊട്ടിയൊഴുകുന്നത്.
കല്ലാര്‍ പുഴയില്‍ നിന്നും ശേഖരിക്കുന്ന വെള്ളം പൈപ്പ്‌ലൈന്‍ വഴി കമ്പിലൈനില്‍ എട്ടേക്കര്‍ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ജലസംഭരണിയിലാണ് എത്തിച്ചേരുന്നത്.
ഇവിടെ നിന്നും നൂറ്റി അന്‍പതോളം വരുന്ന കുടുംബങ്ങള്‍ക്കു വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ വെള്ളം വന്‍തോതിലാണ് കല്ലാറിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിനു സമീപത്ത് പൊട്ടി ഒഴുകുന്നുണ്ട്. അടുത്തിടെ ടാറിങ് പൂര്‍ത്തിയായ ദേശീയപാതയിലെ ടാറിംഗാണ് പൈപ്പ് പൊട്ടിയതു മൂലം നശിച്ചിട്ടുള്ളത്. ഹൈറേഞ്ചില്‍ ഇപ്രാവശ്യമുണ്ടായ കനത്ത വേനലില്‍ ഒട്ടുമിക്ക കുടിവെള്ള സ്രോതസുകളും വറ്റിയിരുന്നു. മലമുകളിലെ നീര്‍ച്ചാലുകളില്‍ നിന്നും ഹോസ് മാര്‍ഗം വെള്ളം എത്തിച്ചിരുന്നതു പോലും നിലച്ചിരുന്നു.
ഏതാനും ദിവസങ്ങളായി വേനല്‍ മഴ ഇടക്കിടെ ലഭിക്കുന്നുണ്ടെങ്കിലും കിണറുകളിലും കുളങ്ങളിലും ഉറവ ഉണ്ടായിട്ടില്ല. ഇപ്പോഴും പലയിടത്തും ആളുകള്‍ കുടിവെള്ളം എത്തിക്കുന്നത് കിലോമീറ്ററുകള്‍ തലച്ചുമടായി കൊണ്ടുവന്നാണ്. ഇതിനിടെയാണ് പലയിടങ്ങളിലും കുടിവെള്ളം ഇത്തരത്തില്‍ പൊട്ടിയൊഴുകി നശിക്കുന്നത്.
Next Story

RELATED STORIES

Share it