kasaragod local

ദേശീയപാതയില്‍ ഒരു ഓട്ടോപോലും ഓടുന്നില്ലെന്ന് ഡിപിആര്‍ റിപോര്‍ട്ട്

കാഞ്ഞങ്ങാട്: ദേശീയപാത  െചര്‍ക്കളയ്ക്കും കാലിക്കടവിനും ഇടയില്‍ നിത്യേന ഒരു ഓട്ടോ പോലും ഓടുന്നില്ലെന്നും 2637 ട്രാക്ടറുകള്‍ ഓടുന്നുണ്ടെന്ന് സര്‍വേ റിപോര്‍ട്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദ പ്രൊജക്ട് റിേപാര്‍ട്ടി(ഡിപിആര്‍)ലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറ്റിക്ക് വേണ്ടി ലോസ് ആഞ്ചലോസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി ആയ എയികോം ആണ് സര്‍വേ നടത്തിയത്. ചെര്‍ക്കളയ്ക്കും കാലിക്കടവിനും ഇടയില്‍ കാഞ്ഞങ്ങാട് സൗത്തിലും ചെറുവത്തൂരുമാണ് സര്‍വേ പോയിന്റുകളായി തിരഞ്ഞെടുത്തത്. ഏഴു ദിവസം 24 മണിക്കൂറും രണ്ടു പോയിന്റുകളില്‍ കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ തരം തിരിച്ചുള്ള എണ്ണമെടുത്ത് ഇതില്‍ നിന്ന് ശരാശരി എടുത്താണ് ഒരു ദിവസത്തെ കണക്ക് തിട്ടപ്പെടുത്തിയിരിക്കുന്നത്. 2017ല്‍ ദേശീയപാത വഴി ഒരു ദിവസത്തെ വാഹനങ്ങളുടെ സഞ്ചാരം റിപോര്‍ട്ട് ചെയ്തതില്‍ ഓട്ടോറിക്ഷകളും ഒന്നും ഓടുന്നില്ലെന്നും 2637 ട്രാക്ടറുകളാണ് ഒരു ദിവസം ഓടുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഓടുന്ന ഓട്ടോകള്‍ ഒന്നും ഓടുന്നില്ലെന്നും ഉത്തരേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രയ്ക്കായി ഉപയോഗിക്കുന്ന ട്രാക്ടറുകള്‍ 2637 എണ്ണം ദിവസവും ഓടുന്നുണ്ടെന്ന കണക്ക് ആശ്ചര്യപ്പെടുത്തുന്നതായി ദേശീയപാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. രാജ്യത്തെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ വര്‍ധനവ് കാണിച്ചുകൊണ്ടുള്ള 2017 ലെ കണക്കിനെ അടിസ്ഥാനപ്പെടുത്തി 2035 വരെയുള്ള വാഹനങ്ങളുടെ എണ്ണം എന്നിവ പ്രോജക്ട് റിേപാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു പ്രകാരം 2035 ഒരു ഓട്ടോയും ഓടാന്‍ സാധ്യതയില്ലെന്നും റിേപാര്‍ട്ടില്‍ പറയുന്നു. ട്രാക്ടറുടെ എണ്ണത്തില്‍ 2018 ല്‍ 2782 എണ്ണമായും 2035ല്‍ 7700 എണ്ണമാകും. നിലവില്‍ പ്രതിദിനം അമ്പതോളം ട്രെയിലറുകള്‍ ഓടുന്ന റോഡിലൂടെ 2017ലും 2018ലും രണ്ടു ട്രെയിലറും 2032നും 2035 നും ഇടയില്‍ അഞ്ചെണ്ണമായി വര്‍ധിക്കുമെന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപോര്‍ട്ട് തയാറാക്കിയത് ഉത്തരേന്ത്യയില്‍ നിന്നാണോ എന്ന സംശയത്തിലാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍.
Next Story

RELATED STORIES

Share it