thiruvananthapuram local

ദേശീയപാതയില്‍ ആഴാംകോണത്തും തട്ടുപാലത്തും അപകടങ്ങള്‍ തുടര്‍ക്കഥ; നടപടിയില്ലെന്ന് ആക്ഷേപം

കല്ലമ്പലം: ദേശീയപാതയില്‍ ആഴാംകോണത്തും തട്ടുപാലത്തും അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നൂറോളം അപകടങ്ങളാണ് രണ്ടിടങ്ങളിലുമായി നടന്നത്. ദേശീയപാതയില്‍ നിന്ന് മണമ്പൂര്‍ ഭാഗത്തേക്കു തിരിയുന്ന ആഴാംകോണം ജങ്ഷനിലും, പള്ളിക്കല്‍ ഭാഗത്തേക്കു തിരിയുന്ന തട്ടുപാലം ജങ്ഷനിലും സിഗ്‌നല്‍ ലൈറ്റോ, സൂചനാ ബോര്‍ഡോ, ട്രാഫിക് പോലിസോ, ഹോംഗാര്‍ഡോ ഒന്നും തന്നെയില്ല. ഇരുസ്ഥലങ്ങളിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
രാജ്യാന്തര നിലവാരമുള്ള നീന്തല്‍ക്കുളം, പോലിസ് സ്‌റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന അഴാംകോണം ജങ്ഷനില്‍ എപ്പോഴും തിരക്കാണ്. റോഡ് മറികടക്കാന്‍ വിദ്യാര്‍ഥി—കളും യാത്രക്കാരും വളരെയേറെ സമയം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കോളജിലേക്കും, പോലിസ് സ്‌റ്റേഷനിലേക്കും പോവാനായി ദേശീയപാതയില്‍ നിന്ന് തിരിയുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. പോസ്റ്റ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ഹെല്‍ത്ത് സെന്റര്‍, സ്‌കൂള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളുമുള്ള നാവായിക്കുളം തട്ടുപാലം ജങ്ഷനിലും സ്ഥിതി സമാനമാണ്. ദേശീയപാതയില്‍ നിന്ന് നാവായിക്കുളം പള്ളിക്കല്‍ ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങളാണ് കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത്. കാല്‍ന—ടയാത്രികരും റോഡ് മറികടക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ഇരു സ്ഥലങ്ങളിലെയും അപകടങ്ങള്‍ കുറയ്ക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരനടപടി ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it