Alappuzha local

ദേശീയപാതയില്‍ അപകടം പതിവാകുന്നു

അമ്പലപ്പുഴ: ദേശീയപാതയില്‍ പുന്നപ്രക്കും തൂക്കു കുളത്തിനുമിടയില്‍ അപകടം പതിവാകുന്നു. ദേശീയപാതയില്‍ പുന്നപ്ര ഭാഗത്ത് ടൈല്‍ പാകി വീതി കൂട്ടിയെങ്കിലും വാഹനങ്ങള്‍ തോന്നിയതു പോലെ ഓടിക്കുന്നതും സ്‌റ്റോപ്പ് മാറ്റി നിര്‍ത്തുന്നതും ദുരന്തം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നു.
തെക്കുനിന്നു വരുന്ന സ്വകാര്യ ബസ് ജങ്ഷനു വടക്ക് ഭാഗത്ത് നിര്‍ത്തുമ്പോള്‍ ചില കെഎസ്ആര്‍ടിസി ബസ് ഇതിനു വിരുദ്ധമായി ബീച്ച് റോഡ് തുടങ്ങുന്നതിന്റെ മധ്യ ഭാഗത്താണ് നിര്‍ത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വന്‍ ദുരന്തങ്ങള്‍ ഉണ്ടായില്ലെങ്കിലും ഈ ഭാഗത്ത് ചെറിയ അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്. അപകടത്തില്‍ പെട്ടവരധികവും എറണാകുള മടക്കം വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്.  വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടം വിളിച്ചു വരുത്തുന്നത്. ഏറെ ദാരുണമായ അപകടമാണ് ഇന്നലെ വൈകീട്ട് പറവൂര്‍ വാട്ടര്‍ വര്‍ക്‌സിനു സമീപമുണ്ടായത്.
വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സ കഴിഞ്ഞു പോയ രോഗിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണംതെറ്റി ഓട്ടോയില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓട്ടോയിലുണ്ടായിരുന്ന രോഗി രാമചന്ദ്രന്റെ ഭാര്യ സുകുമാരി (54) തല്‍ക്ഷണം മരിച്ചു. പൂര്‍ണമായും തകര്‍ന്ന ഓട്ടോയില്‍ നിന്ന് ആശുപത്രിയില്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും വസ്ത്രങ്ങളും മരുന്നും ഡിസ്ചാര്‍ജ് കാര്‍ഡുമടക്കം റോഡില്‍ ചിതറികിടക്കുന്നത് ദയനീയ കാഴ്ചയായിരുന്നു. പറവൂര്‍ ജങ്ഷനിലും പുന്നപ്രയിലും വാഹനങ്ങളുടെ തിരക്കനുസരിച്ച് സ്ഥിര ട്രാഫിക്ക് സംവിധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it