ernakulam local

ദേശീയപാതയിലെ മണ്ണ് കടത്ത് നാട്ടുകാര്‍ തടഞ്ഞു

കളമശ്ശേരി: കളമശ്ശേരി എച്ച്എംടി കവലയില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് കടക്കുന്ന സിഗ്‌നല്‍ കവലയില്‍ പട്ടാപ്പകല്‍ വന്‍ തോതിലുള്ള മണ്ണ് കടത്തിയത് നാട്ടുകാര്‍ തടഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസയ്‌ന്റെ നേതൃത്വത്തില്‍ ആണ് നാട്ടുകാര്‍ തടഞ്ഞത്. ജെസിബിയും ടിപ്പര്‍ലോറികളുമുള്‍പ്പെടെ 12 ഓളം വാഹനങ്ങളുപയോഗിച്ചാണ് സ്വകാര്യ കേന്ദ്രത്തിലേക്കു നൂറു കണക്കിന് ലോഡ് മണ്ണ് കടത്തിയത്.സിഗ്‌നല്‍ കവലയില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള റോഡിന്റെ ഇടതുഭാഗത്തെ മെട്രോ യാര്‍ഡിന്റെ മണ്ണുകളും മറ്റും നിക്ഷേപിക്കുന്ന കേന്ദ്രത്തില്‍ നിന്നുമാണ് മണ്ണ് കടത്തിയത്. ഇവിടെ കൂട്ടിയിരുന്ന മണ്ണും കോണ്‍ക്രീറ്റ് കട്ടകളും സമീപത്തുകൂടി കടന്നു പോവുന്ന റെയില്‍വെ പാളങ്ങളിലേക്ക് വീഴാവുന്ന അവസ്ഥയിലായിരുന്നു. ഇതിനെ തുടര്‍ന്ന് റെയില്‍വെ പാളങ്ങളുടെ സൈഡ് കെട്ടി കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ പൊട്ടിച്ച് റോഡിന്റെ അരികില്‍ നിറയ്ക്കാനും മണ്ണിട്ട് നിരത്താനും ആയിരുന്നു മെട്രോയുടെ പദ്ധതി. എന്നാല്‍ അവിടെയുള്ള മണ്ണ് മുഴുവന്‍ മെട്രോ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ചില കരാര്‍കാര്‍ ചേര്‍ന്ന്  നീക്കം ചെയ്യുകയായിരുന്നു. പതിനഞ്ച് അടി മുതല്‍ ഇരുപത് അടി വരെ ആഴത്തില്‍ വന്‍കുഴികളുണ്ടാക്കിയാണ് മണ്ണ് കടത്തിയത്. പിന്നീട് ഇവിടെ വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് വന്നിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മെട്രോ ഉദ്യോഗസ്ഥരെ ബന്ധപെട്ടെങ്കിലും ആരും സംഭവസ്ഥലത്തേക്ക് വരാന്‍ തയ്യാറായില്ല. ഇപ്പോള്‍ നടന്നിരിക്കുന്ന മണ്ണ് നീക്കം ഇടതടവില്ലാതെ വാഹനങ്ങളോടുന്ന ദേശീയപാതയുടെ അരിക് ഇടിയാന്‍ ഇത് കാരണമാവും. വി എ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ കളമശേരി വെസ്റ്റ് എല്‍സി സെക്രട്ടറി ടി ടി രതീഷ്, കൗണ്‍സിലര്‍ എ എ പരീത്, ഫൈസല്‍ നീറുങ്ങല്‍, റഫീക്ക് ബക്കര്‍  എന്നിവരും ചുമട്ടുതൊഴിലാളികളും മറ്റും  സംഘടിച്ചെത്തുമ്പോഴെക്കും ഒരു ലോറി ഒഴികെ ബാക്കിയെല്ലാം സ്ഥലം വിടുകയായിരുന്നു.തുടര്‍ന്ന് കളമശ്ശേരി പോലിസെത്തി ലോറി കസ്റ്റഡിയിലെടുത്തു. മെട്രോ അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും തുടര്‍ന്ന് കേസ് ചാര്‍ജു ചെയ്യുമെന്നും കളമശേരി എസ് ഐ പ്രശാന്ത് ക്ലിന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it