ദേശീയഗാനം അടങ്ങിയ പേജ് കീറിക്കളഞ്ഞെന്ന വാര്‍ത്ത വ്യാജമെന്നു പ്രധാനാധ്യാപിക

തൃശൂര്‍: എം എം അക്ബറിനെ റിമാന്‍ഡ് ചെയ്ത സംഭവമുമായി ബന്ധപ്പെട്ടു സ്‌കൂളിനെതിരേ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി മതിലകം പീസ് സ്‌കൂള്‍ പ്രധാന അധ്യാപിക സോഫിയ താജുദ്ദീന്‍.
വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളില്‍ നിന്നു ദേശീയഗാനം അടങ്ങിയ പേജ് കീറിക്കളഞ്ഞെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. ചില മാധ്യമങ്ങളിലും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത്തരം ഒരു സംഭവം സ്‌കൂളില്‍ നടന്നിട്ടില്ല. ഇതു സംബന്ധിച്ച ഒരു കേസും സ്‌കൂളിനെതിരേ ഇല്ലെന്നും സോഫിയ തേജസിനോട് പറഞ്ഞു. പീസ് സ്‌കൂളിലെ പാഠപുസ്തകവുമായി ബന്ധപ്പെട്ട കൊച്ചിയില്‍ എടുത്തതിന് സമാനമായ കേസാണ് കാട്ടൂര്‍ സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കോടതി എം എം അക്ബറിനെ റിമാന്‍ഡ് ചെയ്തത്. കേസുകള്‍ സമാനമായതിനാല്‍ ഒറ്റക്കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അക്ബര്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്നലെ കേസ് സ്‌റ്റേ ചെയ്തതായും സോഫിയ അറിയിച്ചു. വിവാദ പാഠപുസ്തക കേസില്‍ അറസ്റ്റിലായ കൊച്ചി പീസ് സ്‌കൂള്‍ എംഡി എം എം അക്ബറിനെ ചൊവ്വാഴ്ച്ചയാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇതോടെ മതിലകം പീസ് സ്‌കൂളിനെതിരേ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.
വിദ്യാര്‍ഥികളുടെ പുസ്തകത്തില്‍ നിന്നു ദേശീയഗാനം അടങ്ങിയ പേജ് കീറിക്കളഞ്ഞതായി പരാതിയുണ്ടെന്നും ചിലര്‍ പ്രചരിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ പ്രമുഖ ഓണ്‍ലൈ ന്‍ മാധ്യമത്തിലും ഇത്തരത്തി ല്‍ വാര്‍ത്തയുണ്ടായിരുന്നു. സമൂഹത്തില്‍ വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. സ്‌കൂളിനെതിരായ വാര്‍ത്തകള്‍ വ്യാജമാണെന്നും ചില തല്‍പര കക്ഷികളാണ് ഇതിനു പിന്നിലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം സ്‌കൂളിന്റെ സമയക്രമവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ചില രക്ഷിതാക്കള്‍ സ്‌കൂളിനെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it