wayanad local

ദേശവിരുദ്ധ ശക്തികള്‍ക്കെതിരേ ജാഗ്രത വേണം : മുഖ്യമന്ത്രി



കല്‍പ്പറ്റ: രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം കൂടുതലുള്ള മേഖലയെന്ന നിലയിലും വയനാട്ടില്‍ ദേശവിരുദ്ധ ശക്തികള്‍ ഒളിത്താവളം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രതയുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ പുതുതായി പണികഴിപ്പിച്ച ജില്ലാ പോലിസ് ആസ്ഥാന മന്ദിരത്തിന്റെയും മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ നിര്‍മിച്ച കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളുടെയും ഉദ്ഘാടനം ജില്ലാ പോലിസ് ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രമസമാധാനനില മെച്ചപ്പെട്ട ജില്ലയാണ് വയനാട്. എന്നാല്‍, അടുത്തകാലത്തുണ്ടായ ചില സംഭവങ്ങള്‍ വലിയ ജാഗ്രത ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം ഐ ഷാനവാസ് എംപി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ഡിജിപി ഡോ. ടി പി സെന്‍കുമാര്‍, എഡിഎം കെ എം രാജു, കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ്, ജില്ലാ പോലിസ് മേധാവി രാജ്പാല്‍ മീണ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മറ്റ് വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, പോലിസ് സംഘടനാ നേതാക്കളായ കെ പി രാധാകൃഷ്ണന്‍, സണ്ണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പോലിസ് പ്രവര്‍ത്തനങ്ങളുടെ ഏകോപന കേന്ദ്രമായി പുതിയ മന്ദിരം പ്രവര്‍ത്തിക്കും. ജില്ലാ ക്രൈംബ്രാഞ്ച്, സൈബര്‍സെല്‍, നാര്‍കോട്ടിക് സെല്‍ തുടങ്ങിയ വിഭാഗങ്ങള്‍ പുതിയ മന്ദിരത്തിലുണ്ടാവും.
Next Story

RELATED STORIES

Share it