thrissur local

ദേശമംഗലം ചങ്ങണംകുന്ന് തടയണ: കാത്തിരിപ്പ് അനന്തമായി നീളുന്നു

ചെറുതുരുത്തി: ദേശമംഗലം ചങ്ങണംകുന്ന് തടയണ യാഥാര്‍ഥ്യമാകുന്നതിനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. ഭാരതപുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന തടയണ പാതിവഴിയില്‍ പൊലിഞ്ഞതാണ് പ്രതിസന്ധിയാകുന്നത്. തടയണയുടെ സ്പാനുകളുടെ പണികള്‍ കഴിഞ്ഞെങ്കിലും മുകളിലൂടെയുള്ള നടപ്പാതയുടെയും കാലുകള്‍ക്കിടയിലെ ഷട്ടറുകളുടെയും പണികള്‍ ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. കഴിഞ്ഞ വേനലില്‍ ഏകദേശം 80 ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞതായാണ് സ്ഥലം എംഎല്‍എ യു ആര്‍ പ്രദീപും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഒച്ചു വേഗതയിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. കഴിഞ്ഞ മഴക്ക് ലക്ഷകണക്കിന് രൂപയുടെ നിര്‍മാണ സാമഗ്രികളാണ് വെള്ളത്തില്‍ ഒലിച്ചുപോയത്. മഴ വരുന്നത് മുന്‍കൂട്ടി കാണാതെ പുഴയില്‍ നിന്നും സാമഗ്രികള്‍ മാറ്റാതിരുന്നതാണ് ഇത്തരത്തില്‍ നഷ്ടം ഉണ്ടാകാന്‍ കാരണം. മണ്ണുമാന്തിയന്ത്രങ്ങളും മറ്റ് നിര്‍മ്മാണ യന്ത്രങ്ങളും മെറ്റല്‍, ഇരുമ്പുകമ്പികള്‍, തുടങ്ങി നിരവധി സാധന സാമഗ്രികളും ഇപ്പോഴും പുഴയില്‍ തന്നെയാണ് കിടക്കുന്നത്. മഴ ശക്തയായാല്‍ ഇതെല്ലാം തന്നെ ഒലിച്ച് പോകാന്‍ സാധ്യതയുണ്ട്. 32 കോടി രൂപയാണ് തടയണയുടെ അടങ്കല്‍ തുക. തടയണയുടെ സുരക്ഷാ ഭിത്തികളുടെ പണികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. തടയണ പ്രവര്‍ത്തികമായാല്‍ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളത്തിന് ശമനമാകും. പുഴയില്‍ ആറ് കിലോമീറ്ററോളം വെള്ളം തള്ളി നില്‍ക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ ഉദ്ഘാടനം നടത്തി പദ്ധതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്നാണ് പ്രദേശ നിവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it