kozhikode local

ദേശദ്രോഹ മുദ്ര ചാര്‍ത്തി ഫാഷിസ്റ്റുകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു: ഗൗഹര്‍ റാസ

കോഴിക്കോട്: എതിര്‍ക്കുന്നവരെ ദേശദ്രോഹികളാക്കി ഫാഷിസ്റ്റുകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുന്നതായി പ്രമുഖ സംവിധായകന്‍ ഗൗഹര്‍ റാസ. സോളിഡാരിറ്റി ഫിലിം ഫെസ്റ്റിവല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പത്ര മാധ്യമ അവാര്‍ഡ് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കുടിയേറ്റ തൊഴിലാളികളുടെ സ്വന്തം കേരളം എന്ന പരമ്പരക്ക് വി എം മാത്യുക്കുട്ടിക്ക് ലഭിച്ചു. മീഡിയാവണ്‍ റിപ്പോര്‍ട്ടേഴ്‌സ് ഡയറിക്ക് വേണ്ടി തയ്യാറാക്കിയ ഇരകള്‍ക്ക് പറയാനുള്ളത് എന്ന വീഡിയോ റിപ്പോര്‍ട്ടിങിന് പി എല്‍ കിരണ്‍ ദൃശ്യ മാധ്യമ അവാര്‍ഡിന് അര്‍ഹനായി.
ഇന്ത്യന്‍ ഫാഷിസ്സ് ഭീകരതയെ ദൃശ്യവത്കരിച്ച് ഗ്രാഫിക് ഡിസൈനിംഗിലൂടെ ശ്രദ്ധേയനായ സുമേഷ് ചാലിശ്ശേരിക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സമദ് കുന്നക്കാവ് അവാര്‍ജ് ജേതാക്കളെ പ്രഖ്യാപിച്ചു. മല്‍സര വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിയായി പി അഭിജിത്ത് സംവിധാനം ചെയ്ത ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന്റെ ജീവിതം പറയുന്ന ട്രാന്‍സ് തിരഞ്ഞെടുത്തു. ധനസുമോദിന്റെ ജലസമാധിക്ക് ലഭിച്ച സി ശരത് ചന്ദ്രന്‍ സ്മാരക അവാര്‍ഡ് കേരളത്തിന്റെ പ്രകൃതിയെയും ജീവിതത്തെ തന്നെയും ഗ്രസിച്ച ആഗോളതാപനത്തിന്റെ ആഘാതങ്ങളെ ഓര്‍മപ്പെടുത്തുന്നതിനുള്ള അംഗീകാരമായി. ഡോകുമെന്ററി വിഭാഗത്തില്‍ അസ്ഹറുദ്ദീന്‍ സംവിധാനം ചെയ്ത അണ്‍സോള്‍വ്ഡ് സ്‌റ്റോറീസ് ഓഫ് ദി അണ്‍ഹേര്‍ഡ്, മികച്ച എഡിറ്റിംഗിന് ജലസമാധിയുടെ എഡിറ്ററുമാരായ ബി അജിത്കുമാര്‍, ആര്‍ വി റിഞ്ചു എന്നിവര്‍ അര്‍ഹരായി.
മികച്ച ഛായാഗ്രഹണത്തിന് ജലസമാധിയുടെ ക്യാമറാമാന്‍ എ മുഹമ്മദ് അര്‍ഹനായി. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ അപര്‍ണ വാര്യര്‍, സംവിധാനം ചെയ്ത ഡ്രോപ്പ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. അറ്റ് നൈറ്റ് എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ച ടിറ്റോ ഫ്രാന്‍സിസ്, ഇതുവഴി എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ച ആത്മബോധ് എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
ജൂറി ചെയര്‍പേഴ്‌സണ്‍ പി ബാബുരാജ് ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജൂറി അംഗം ടി പി മുഹമ്മദ് ശമീം അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ അധ്യക്ഷ വഹിച്ച സമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ജനാര്‍ധനന്‍, സിനിമ നിരൂപകന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, ബിജു മോഹനന്‍, പി റുക്‌സാന എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it