Kollam Local

ദേവാലയത്തിന്റെ കുരിശടിയും തെരുവുവിളക്കും തകര്‍ത്തു

പത്തനാപുരം: പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജിന് സമീപത്തായുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കുരിശടിയും സമീപത്തായുള്ള ക്ഷേത്രത്തിന് മുന്‍വശത്തെ തെരുവുവിളക്കും ഉള്‍പ്പടെ 16തെരുവുവിളക്കുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടിയത്. കുരിശടിയുടെ നാലുവശത്തേയും ചില്ലുകള്‍ തകര്‍ത്തശേഷം കുരിശ് വലിച്ചെറിഞ്ഞ നിലയിലും കുരിശിന്റെ വൈദ്യുതവിളക്കും തകര്‍ത്ത നിലയിലുമാണ്. കുരിശടിക്ക് സമീപത്തായുള്ള ഒഴുക്കുപാറ ഉടയന്‍കാവ്‌ക്ഷേത്രം മുതല്‍ മാലൂര്‍ പരുമല ജങ്ഷന്‍വരെയുള്ള 16 എല്‍ഇഡി ലൈറ്റുകളും സാമൂഹികവിരുദ്ധര്‍ എറിഞ്ഞുതകര്‍ത്തു. പഞ്ചായത്തില്‍ നിന്നും ഒരു ലൈറ്റിന് 6000രൂപ ചെലവാക്കി പുതുതായി സ്ഥാപിച്ച ലൈറ്റാണ് തകര്‍ത്തത്. ക്ഷേത്രവും പള്ളിയും അടുത്തടുത്തായി സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രദേശവാസികള്‍ മതസൗഹാര്‍ദ്ദത്തോടെയാണ് കഴിയുന്നത്. മതസൗഹാര്‍ദ്ദം തകര്‍ക്കാനായുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പത്തനാപുരം സിഐ സ്റ്റുവാര്‍ട്ട് കില്ലര്‍, എസ്‌ഐ രാഹുല്‍രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസും കൊല്ലത്തുനിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. പത്തനാപുരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികള്‍ ഇന്ന് പ്രതിഷേധയോഗം ചേരും.

Next Story

RELATED STORIES

Share it