ദേവസ്വം ബോര്‍ഡ് കാന്റീനില്‍ മാംസാഹാരം വിളമ്പരുതെന്നു മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കാന്റീനില്‍ മാംസാഹാരം വിളമ്പരുതെന്നു നിര്‍ദേശം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇനി മുതല്‍ കാന്റീനില്‍ സസ്യാഹാരം മാത്രം മതിയെന്നും പറയുന്നു.
തിരുവനന്തപുരം നന്ദന്‍കോടുള്ള ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്തെ കാന്റീനിലെ ഭക്ഷണ വിതരണമാണു വിവാദത്തിലായത്. ക്ഷേത്രം സമീപമുണ്ടായിരിക്കെ മാംസാഹാരങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന രീതിയില്‍ സംഘപരിവാര അനുകൂലികള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചാരണം തുടങ്ങിയിരുന്നു.  ഇതിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാ ന്‍ ശ്രമം നടക്കുന്നതായും ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. കാന്റീനില്‍ ആക്രമണം നടത്താന്‍ പദ്ധതിയുള്ളതായും റിപോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തിലാണു മന്ത്രിയുടെ ഇടപെടല്‍.
സസ്യാഹാര വിഭവങ്ങള്‍ മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശമാണു നല്‍കിയത്. പുറത്തുനിന്നുള്ളവരെക്കൂടി കണ്ടാണു മറ്റു വിഭവങ്ങള്‍ നല്‍കിയതെന്നും മന്ത്രിയുടെ നിര്‍ദേശം ലഭിച്ചതായും കരാറുകാരന്‍ പറഞ്ഞു.  കരാറെടുത്ത സമയത്ത് നോണ്‍വെജ് വിഭവങ്ങള്‍ വില്‍ക്കരുതെന്ന നിബന്ധന ഇല്ലായിരുന്നെന്നും നടത്തിപ്പുകാരന്‍ പറഞ്ഞു.
നടത്താനാളില്ലാതെ അടച്ചിട്ടിരുന്ന കാന്റീന്‍ ഈയടുത്താണു പുതിയ കരാറുകാരനു നല്‍കിയത്. ക്ഷേത്ര ആചാരങ്ങളോട് ബന്ധപ്പെട്ടല്ല കാന്റീന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ദേവസ്വം ബോര്‍ഡ് കെട്ടിടത്തിലോ, ക്ഷേത്ര കോംപൗണ്ടിലോ അല്ല കാ ന്റീന്‍ പ്രവര്‍ത്തനം.  ക്ഷേത്രമതിലും വഴിയും കഴിഞ്ഞാണു കാ ന്റീന്‍ കെട്ടിടമുള്ളത്.  ഇഷ്ടഭക്ഷണം കഴിക്കുന്നതിനുള്ള അവകാശത്തില്‍ കൈയേറാനുള്ള നീക്കത്തിനെതിരേ സിപിഎം ശക്തമായി പ്രതിഷേധിച്ചു വരുന്നതിനിടെയാണു മന്ത്രിയുടെ നിലപാട് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ഡല്‍ഹി കേരളഹൗസില്‍ ബീഫ് വിളമ്പുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ രംഗത്തെത്തിയതിനെതിരേ അതിരൂക്ഷമായ ഭാഷയിലാണു സിപിഎം കേന്ദ്ര, സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചിരുന്നത്.
Next Story

RELATED STORIES

Share it