ദേവസ്വം ബോര്‍ഡിലെ പിരിച്ചുവിടല്‍ നീക്കം പുനപ്പരിശോധിക്കണം: ബോര്‍ഡ് അംഗം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ചവരെ പിരിച്ചുവിടാനുള്ള നീക്കം പുനപ്പരിശോധിക്കണമെന്ന് ബോര്‍ഡ് അംഗം പി കെ കുമാരന്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം കിട്ടിയവരെ സ്ഥിരപ്പെടുത്താന്‍ 10 വര്‍ഷം സര്‍വീസ് വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ കാര്യത്തില്‍ ചര്‍ച്ച വേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2011 മുതല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചിരുന്നു. ക്ലറിക്കല്‍ തസ്തികകളിലായി 87 പേരോളം ജോലി ചെയ്തുവരികയാണ്. പിഎസ്‌സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ് ഭൂരിപക്ഷവും. ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡുകളിലും ഹൈന്ദവരിലെ പട്ടികജാതി വര്‍ഗം ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരെ ഉള്‍പ്പെടുത്തണം. നിലവില്‍ 60,000ല്‍പരം ജീവനക്കാരുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പോലും തുച്ഛമായി മാത്രമേ പിന്നാക്കക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണതത്വം നടപ്പാക്കാന്‍ ബോര്‍ഡ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it