Flash News

ദേവസ്വം ബോര്‍ഡിലെ ക്രമക്കേട്‌ : വിജിലന്‍സ് അന്വേഷണം നടത്താനൊരുങ്ങി സര്‍ക്കാര്‍



തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്താനൊരുങ്ങി സര്‍ക്കാര്‍. പണം വകമാറ്റി ചെലവഴിച്ചതടക്കം നിരവധി പരാതികള്‍ ബോര്‍ഡിനെപ്പറ്റി ഉയര്‍ന്നിരുന്നു. ശബരിമല ക്ഷേത്രഭരണം ഉള്‍പ്പെടെ നടത്തുന്ന ദേവസ്വംബോര്‍ഡില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടും സ്വജനപക്ഷപാതവും ബോധ്യപ്പെട്ടതോടെയാണു വിജിലന്‍സ് അന്വേഷണത്തിലേക്കു സര്‍ക്കാര്‍ കടക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വിജിലന്‍സ് അന്വേഷണത്തിനു മുന്നോടിയായാണു ദേവസ്വംബോര്‍ഡിനെ പിരിച്ചുവിട്ട് കഴിഞ്ഞദിവസം ഉത്തരവിട്ടത്. അഴിമതിയില്‍ മുങ്ങിയ ദേവസ്വംബോര്‍ഡിനെയാണു പിരിച്ചുവിട്ടതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കിയത് എല്‍ഡിഎഫിന്റെ നയമാണ്. ഇത് പ്രയാര്‍ ഗോപാലകൃഷ്ണനോടുള്ള പ്രതികാരമല്ല. ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങളെ ഇതു ബാധിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ദേവസ്വംബോര്‍ഡിലെ കൊള്ളയും അഴിമതിയും അവസാനിപ്പിക്കുക എന്നതിനാണു സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുക. നിരവധി അഴിമതികളാണ് ബോര്‍ഡില്‍ നടന്നിരുന്നത്. ശമ്പളത്തിനും പെന്‍ഷനുമായി വിനിയോഗിക്കേണ്ട കരുതല്‍ ധനത്തില്‍ 18 കോടി രൂപ കരാറുകാര്‍ക്ക് മരാമത്ത് പണികള്‍ക്കായി ദേവസ്വംബോര്‍ഡ് വകമാറ്റി ചെലവഴിച്ചതില്‍ സര്‍ക്കാര്‍ ക്രമക്കേട് സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.പാത്രങ്ങള്‍ വാങ്ങിയതിലടക്കം കോടികളുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി എസ് ജയകുമാറിനെക്കുറിച്ചുള്ള പരാതികളും പരിശോധിച്ച് വരികയാണ്. പ്രയാര്‍ ഗോപാലകൃഷ്ണന്റെ സ്റ്റാഫിലെ തളി തസ്തികക്കാരനെ വാച്ചറാക്കി നിയമിച്ചതും ശബരിമലയില്‍ 15 ലക്ഷം രൂപ കാണിക്ക തിരിമറി നടത്തിയ കേസിലെ ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി നിര്‍ദേശിച്ചതുമടക്കം പല നിയമനങ്ങളിലും വകുപ്പിന് സംശയമുണ്ട്. ഈ നിയമനങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണ്. ഇത്തരത്തില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് ബോര്‍ഡ് പിരിച്ചുവിട്ടത്. പുതിയ ഭരണസമിതിയാവും ഇനിഭരണം നടത്തുക. ഈ മാറ്റങ്ങളൊന്നും ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലെടുത്തതായും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it