ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍. മണ്ഡല-മകരവിളക്ക് സീസണ്‍ അടുത്തെത്തിയ സാഹചര്യത്തില്‍ ഇടത്താവളങ്ങളിലും സന്നിധാനത്തും ഇരട്ടി സൗകര്യങ്ങളാവും അടിയന്തരമായി ഒരുക്കേണ്ടിവരുക. സ ര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
പ്രളയദുരന്തത്തെ തുടര്‍ന്ന് പമ്പ തകര്‍ന്നടിഞ്ഞതോടെ ഇത്തവണ നിലയ്ക്കലിനെ പ്രധാന ഇടത്താവളമാക്കിയ സാഹചര്യത്തില്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടി സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തേണ്ടിവരും. പമ്പയിലും സന്നിധാനത്തും വിപുലമായ രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. നിലവില്‍ 10നും 50 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ സൗകര്യങ്ങളും പരിമിതമായിരുന്നു. എന്നാല്‍, ഇനിമുതല്‍ സ്ത്രീസുരക്ഷയുടെ കാര്യത്തിലും ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്.
അതിനാല്‍ തന്നെ തീര്‍ത്ഥാടനകാലത്ത് സുരക്ഷാകാര്യങ്ങളും വിപുലപ്പെടുത്തേണ്ടിവരും. തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വേണ്ടിവരും. പുതിയ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ വനഭൂമി ചോദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അടുത്ത മാസം 3ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്യും. തന്ത്രിയുടെയും പന്തളം രാജകുടുംബത്തിന്റെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാവും തീരുമാനങ്ങള്‍ കൈക്കൊള്ളുക.

Next Story

RELATED STORIES

Share it