ദേവസ്വം അഴിമതി: സംസ്ഥാന വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ വ്യാജരേഖ ഉപയോഗിച്ച് പണം തട്ടിയെന്ന ആരോപണത്തില്‍ മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലിനുമെതിരേ സംസ്ഥാന വിജിലന്‍സ് അന്വേഷണത്തിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശുപാര്‍ശ. ഇവരുടെ കാലയളവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോ ര്‍ഡില്‍ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടന്നതായി ദേവസ്വം വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
ദേവസ്വം വിജിലന്‍സിന്റെ റിപോര്‍ട്ട് സര്‍ക്കാരിനു കൈമാറാനും ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. അതിനിടെ, ദേവസ്വം ബോര്‍ഡ് അഴിമതി ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന്‍ അന്വേഷിക്കണമെന്നു തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. ദേവസ്വം ബോര്‍ഡിലെ പെന്‍ഷന്‍കാരുടെ സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണു കോടതിയുടെ നടപടി. ആരോപണങ്ങള്‍ പ്രഥമദൃഷ് ട്യാ ബോധ്യപ്പെടുന്നതാണെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി നിരീക്ഷിച്ചു. തുടര്‍ന്നു ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉേദ്യാഗസ്ഥന്‍ ത്വരിതാന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തു.
ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലും ശുപാര്‍ശയും സര്‍ക്കാരിനു കൈമാറാനും ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നടന്ന മരാമത്ത് പ്രവൃത്തികളിലും ബോര്‍ഡില്‍ ധൃതിപിടിച്ച് കംപ്യൂട്ടറൈസേഷന്‍ നടപ്പാക്കിയതിലും അഴിമതിയുണ്ടെന്നും ബോര്‍ഡ് യോഗത്തില്‍ ആരോപണമുയര്‍ന്നു.
2016-2018 കാലയളവില്‍ ദേവസ്വം ബജറ്റില്‍ 59 കോടിയാണു വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചത്. കരാറുകാരുടെ നിവേദനം പരിഗണിച്ച് 30 കോടി അധികമായും അനുവദിച്ചിരുന്നു. എന്നാല്‍ ടെന്‍ഡറുകളിലെ അപാകതയും വഴിവിട്ടും വകമാറ്റിയും ഫണ്ട് ചെലവഴിച്ചു. ഇതു നിമിത്തം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബോര്‍ഡിന് കോടികളുടെ നഷ്ടമുണ്ടായതായി റിപോര്‍ട്ടില്‍ പറയുന്നു. ബോര്‍ഡ് യോഗങ്ങളുടെ മറവില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നു, ഔദ്യോഗിക വാഹനമുള്ളപ്പോള്‍ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും യാത്രാപ്പടിയായി ലക്ഷങ്ങള്‍ കൈപ്പറ്റി തുടങ്ങിയ കണ്ടെത്തലുകളും പ്രാഥമിക റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it