Kollam Local

ദേവസ്വംബോര്‍ഡ് ക്ഷേത്ര ഭരണ സമിതികളുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നു

മുളവൂര്‍ സതീഷ്

ശാസ്താംകോട്ട:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭരണ സമിതികളുടെ കാലാവധി അനധികൃതമായി ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി ആക്ഷേപം.
ക്ഷേത്ര ഭരണസമിതി ഭാരവാഹികളുടെ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വിവേചനാധികാരം ഉപയോഗപ്പെടുത്തിയാണ് ഭരണസമിതികളുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. പ്രാദേശിക, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാര്‍ ഭാരവാഹികളായുള്ള പ്രമുഖ ക്ഷേത്രങ്ങളിലാണ് ഇത് നടന്നുവരുന്നത്. നിലവിലുള്ള നിയമമനുസരിച്ച് ക്ഷേത്രഭരണസമിതികളുടെ കാലാവധി രണ്ടുവര്‍ഷമാണ്.
ഈ രണ്ടുവര്‍ഷം ക്രിയാത്മകമായി പ്രവര്‍ത്തിക്കാതെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് ക്ഷേത്രങ്ങില്‍ ചില വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തുകയും വികസനപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് നിലവിലുള്ള ഭരണസമിതിതന്നെ തുടരേണ്ടതുണ്ടെന്ന് വരുത്തിതീര്‍ത്തുമാണ് ഭരണസമിതികളുടെ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നത്.
2013ന് മുമ്പുവരെ ക്ഷേത്ര ഭരണസമിതികള്‍ ഭാരവാഹിത്വം ചിലര്‍ കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. കര അടിസ്ഥാനത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭാരവാഹിത്വം ഓരോ കരയ്ക്കും വീതംവെച്ച് നല്‍കുകയായിരുന്നു.
ഇതിനെതിരേ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാനാണ് പുതിയ രീതിയില്‍ ഭരണസമിതി രൂപീകരണത്തിന് രൂപരേഖ തയ്യാറാക്കിയത്. ഒരുക്ഷേത്രത്തിന്റെ അഞ്ചു കിലോ മീറ്റര്‍ ദൂരപരിധി്ക്കുള്ളിലുള്ള ഹിന്ദു മതത്തില്‍പ്പെട്ട ക്ഷേത്രവിശ്വാസികള്‍ നൂറുരൂപ നല്‍കി ഇതിനു വേണ്ടി അംഗത്വമെടുക്കണം. ഇത്തരത്തില്‍ അംഗത്വമെടുത്തവരുടെ യോഗം ചേര്‍ന്ന് ഇതില്‍നിന്ന് 13അംഗങ്ങളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും അതാത് പ്രദേശത്തെ സബ്ഗ്രൂപ്പ് ഓഫിസറേയും അസിസ്റ്റന്റ് കമ്മീഷണറേയും ഉള്‍പ്പെടുത്തി 15അംഗ കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് ഭാരവാഹികളെ നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്.
അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ ആയതിനാല്‍ ഏതൊരാള്‍ക്കും ഭരണസമിതി അംഗമായി വരാവുന്ന സാഹചര്യമായിരുന്നു. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ഇത്തരത്തില്‍ ഭരണസമിതികള്‍ രൂപീകരിക്കണമെന്നും കര്‍ശനമായി വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഈ തീരുമാനത്തെ അട്ടിമറിച്ചാണ് സ്വാധീനമുള്ള ഭരണസമിതികള്‍ക്ക് കാലാവധി നീട്ടി നല്‍കുന്നത്.
Next Story

RELATED STORIES

Share it