ദൃശ്യവിരുന്നിന് ഇന്ന് കൊടിയിറക്കം

ശ്രീജിഷ  പ്രസന്നന്‍

തിരുവനന്തപുരം: സിനിമാപ്രേമികളെ ആവേശംകൊള്ളിച്ച് ഒരാഴ്ച നീണ്ടുനിന്ന ചലച്ചിത്ര മാമാങ്കത്തിന് ഇന്നു കൊടിയിറക്കം. മേളയുടെ അവസാന ദിനമായ ഇന്ന് 25 ചിത്രങ്ങളുടെ പ്രദര്‍ശനവുമുണ്ട്. വൈകീട്ട് ആറിനു നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗങ്ങളിലെ ചിത്രങ്ങള്‍ക്കുള്ള സമ്മാനവിതരണം നടക്കും. ശേഷം സുവര്‍ണ ചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ചലച്ചിത്രമേള നടത്തിയതെങ്കിലും സിനിമാപ്രേമികള്‍ക്ക് സംതൃപ്തവും ആവേശകരവുമായ എട്ടുദിനങ്ങള്‍ സമ്മാനിച്ചാണ് കഴിഞ്ഞ വാരം കടന്നുപോയത്. 65 രാജ്യങ്ങളില്‍ നിന്നായി 190 ചലച്ചിത്രങ്ങള്‍ മേളയുടെ ഭാഗമായപ്പോള്‍, തീരെ മോശം എന്നുപറഞ്ഞ് മാറ്റിനിര്‍ത്തിയ ഒരു ചിത്രവും ഇക്കുറി ഉണ്ടായിരുന്നില്ലെന്നതു ശ്രദ്ധേയമാണ്. കാര്യമായ പരാതിയോ പരിഭവമോ ഇല്ലാതെ സംഘടിപ്പിച്ച ചലച്ചിത്രോല്‍സവം പടിയിറങ്ങുന്നതിന്റെ നിരാശയിലാണ് സിനിമാപ്രേമികള്‍. സുവര്‍ണ ചകോരത്തിനായി ഇക്കുറി 14 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഇവയില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ നാലെണ്ണം ഇന്ത്യന്‍ സിനിമകളാണ്. നാലു ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തിയെന്ന വിലയിരുത്തല്‍ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ വന്നിരുന്നു. ന്യൂട്ടണ്‍, വൈറ്റ്ബ്രിഡ്ജ് എന്നീ സിനിമകള്‍ക്ക് ഇന്നലെയും വന്‍ വരവേല്‍പ്പ് ലഭിച്ചു. സുവര്‍ണ ചകോരത്തിനായി ഈ രണ്ടു ചിത്രങ്ങള്‍ക്കും വോട്ട് നല്‍കുമെന്ന് ഡെലിഗേറ്റുകള്‍ നിസ്സംശയം പറയുന്നു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച പോളിങ് ഇന്നു രാവിലെ 10നു സമാപിക്കും. ഇതിനു ശേഷമാണ് മികച്ച ചിത്രങ്ങളുെട തിരഞ്ഞെടുപ്പ് നടത്തുക. ഇറ്റലി ചലച്ചിത്രകാരന്‍ മാര്‍ക്കോ മുള്ളര്‍ അധ്യക്ഷനായ ജൂറിയാണ് മല്‍സരവിഭാഗത്തിലെ വിധിനിര്‍ണയം നടത്തുന്നത്. 15 ലക്ഷം രൂപയുടെ അവാര്‍ഡാണ് സുവര്‍ണ ചകോരം ലഭിക്കുന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും സമ്മാനിക്കുക. രജത ചകോരം ലഭിക്കുന്ന ചിത്രത്തിന്റെ സംവിധായകനു നാലുലക്ഷം രൂപയും ലഭിക്കും. ഇതുകൂടാതെ നവാഗത സംവിധായകനുള്ള രജത ചകോരത്തിന് നാലുലക്ഷം രൂപയുടെ സമ്മാനവും പ്രേക്ഷകരുടെ വോട്ട് ഏറ്റവുമധികം ലഭിക്കുന്ന ചിത്രത്തിന് രണ്ടുലക്ഷം രൂപയും പുരസ്‌കാരവും ലഭിക്കും. പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മികച്ചുനിന്ന മല്‍സരചിത്രങ്ങളില്‍ ഏതിന് സുവര്‍ണ ചകോരം ലഭിക്കുമെന്ന ആകാംക്ഷയിലാണ് ചലച്ചിത്രലോകം.  ഇന്നു വൈകീട്ട് ആറിനു നടക്കുന്ന സമാപന സമ്മേളനം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന് മന്ത്രി എ കെ ബാലന്‍ സമ്മാനിക്കും.
Next Story

RELATED STORIES

Share it