Kollam Local

'ദൃശ്യതാളം' കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി

കൊല്ലം: സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള കലാ സാംസ്‌കാരിക സന്ധ്യയുടെ മൂന്നാം ദിനത്തില്‍ കേരളീയ തനത് കലകള്‍ തോര്‍ത്തിണക്കിയ 'ദൃശ്യതാളം' കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. ചെറുതുരുത്തി കഥകളി സ്‌കൂള്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സ് നൂറോളം കലാകാരന്മാരെ അണിനിരത്തിയാണ് ദൃശ്യതാളം അവതരിപ്പിച്ചത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിറവി കൊണ്ട് മാനവിക സംസ്‌കൃതിക്കൊപ്പം വളര്‍ന്ന തനത് കലകളായ മോഹിനിയാട്ടം, കളരിപ്പയറ്റ്, കഥകളി, തിരിയുഴിച്ചില്‍, പടയണി, ചവിട്ട് നാടകം, മയൂരനൃത്തം, ഭൂതംതിറ, തെയ്യം, വേലകളി തുടങ്ങിയ കലാരൂപങ്ങള്‍ കാഴ്ചയുടെ വിസ്മയം ഒരുക്കി. കേരളത്തിലെ പ്രധാനപ്പെട്ട നദികളുടെ പശ്ചാത്തലത്തിലാണ് ദൃശ്യതാളം ആവിഷ്‌കരിച്ചത്. ജലസംരക്ഷണത്തിന്റെ സന്ദേശം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് സംവിധായകന്‍ കലാമണ്ഡലം ഗോപാലകൃഷ്ണന്‍ പറഞ്ഞു.ഇന്ന് സന്ധ്യക്ക് ആറിന് വയലാര്‍ നവതി ആഘോഷം വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പിന്നണി ഗായകന്‍ സുദീപ്കുമാര്‍ അവതരിപ്പിക്കുന്ന ഗാനമേളയും എട്ട് മുതല്‍ നടിയും നര്‍ത്തകിയുമായ ആശാ ശരത് അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും നടക്കുമെന്ന് സാംസ്‌കാരിക സമ്മേളന ചെയര്‍മാന്‍ സംവിധായകന്‍ വിനയന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it