ദൃശ്യങ്ങളെ ആശ്രയിക്കാതെ തന്നെ ശിക്ഷിക്കാന്‍ കഴിയുമെന്ന് പോലിസ്‌

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങളെ ആശ്രയിക്കാതെ തന്നെ പ്രതികളെ വിചാരണ നടത്തി ശിക്ഷിക്കാന്‍ കഴിയുമെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ തേടി കേസിലെ ഒന്നാംപ്രതി സിനിമാതാരം ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് പോലിസ് ഇക്കാര്യം അറിയിച്ചത്.
ഇരയായ നടിയുടെ മൊഴിയുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുള്ളവരെ ശിക്ഷിക്കാന്‍ കഴിയുമെന്നാണ് പോലിസ് വ്യക്തമാക്കിയിരിക്കുന്നത്. ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. അതിനാല്‍ ഈ തെളിവ് നല്‍കണമെന്നും തങ്ങള്‍ക്ക് ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. പക്ഷേ, പോലിസ് ഈ വാദത്തെ എതിര്‍ത്തു. പ്രതിയുടെ അവകാശങ്ങളേക്കാള്‍ മുകളിലാണ് ഇത്തരം കേസുകളില്‍ ഇരയുടെ അവകാശം. വിചാരണക്കോടതിയില്‍ നിരവധി തവണ പ്രതിഭാഗം ഈ വീഡിയോ പരിശോധിച്ചതാണ്.
ദൃശ്യങ്ങള്‍ പ്രതികള്‍ക്കു നല്‍കിയാല്‍ അത് വാര്‍ത്തയായി മാറാന്‍ സാധ്യതയുണ്ട്. മുമ്പ് പലതവണ നടിക്കെതിരേ മോശം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പലതിലും പോലിസ് കേസെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീകളുടെയും മറ്റും സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതു മറികടന്ന് വീഡിയോയുടെ പകര്‍പ്പ് നല്‍കുന്നത് നിയമപരമായി ശരിയല്ല. ഈ കേസില്‍ ദൃശ്യങ്ങള്‍ തൊണ്ടിമുതലാണ്. ഈ ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് ദിലീപ് മറ്റു പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും പോലിസ് ചൂണ്ടിക്കാട്ടി.
ന്യായമായ വിചാരണയില്‍ ഇരയുടെ സ്വകാര്യത കൂടി സംരക്ഷിക്കപ്പെടണമെന്ന് വാദംകേള്‍ക്കലിനിടെ കോടതി വാക്കാല്‍ പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ വാദംകേള്‍ക്കലിനായി കേസ് നാളത്തേക്ക് മാറ്റി.
Next Story

RELATED STORIES

Share it