malappuram local

ദുസ്സഹമായി പൂപ്പലം മീന്‍മാര്‍ക്കറ്റ്

പെരിന്തല്‍മണ്ണ: ഊട്ടി-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ പൂപ്പലത്ത് പ്രവര്‍ത്തിക്കുന്ന മീന്‍ മൊത്തവിതരണ മാര്‍ക്കറ്റ് ജനങ്ങള്‍ക്ക് ദുസഹമാവുന്നതായി പരാതി. ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിന് ഒരു സംവിധാനവുമില്ലാതെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിച്ചിരുന്ന മീന്‍മാര്‍ക്കറ്റ് പുതിയ മാര്‍ക്കറ്റ് നിര്‍മിക്കുന്നതുവരെ താല്‍കാലികമായി പ്രവര്‍ത്തിക്കാനാണ് 2008ല്‍ പെരിന്തല്‍മണ്ണ നഗരസഭ പൂപ്പലത്തേയ്ക്കു മാറ്റിയത്.
എന്നാല്‍, ഇപ്പോഴുള്ള മാര്‍ക്കറ്റില്‍നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം കരുവാന്‍പാറ മുതല്‍ മേലേ പൂപ്പലം വരെ വാഹന-കാല്‍നടക്കാര്‍ക്ക് ഒരുപോലെ അസഹ്യമായിട്ടുണ്ടെന്നാണ് പരാതി. മീനുകള്‍ കേടുവരാതിരിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങളും ഐസും ചേര്‍ന്ന ദ്രാവകമാണ് റോഡിലേയ്ക്ക് ഒലിച്ചിറങ്ങുന്നത്. കാലിപ്പെട്ടികള്‍ റോഡിന്റെ ഇരുഭാഗത്തും കൂട്ടിയിടുന്നത് ഏറെ ബുദ്ധിമുട്ടാവുന്നു. മലിനജലം ഒലിച്ചിറങ്ങുന്നതുകാരണം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കാക്കകളും പട്ടികളുമടക്കമുള്ള ജീവികള്‍ ഈ ഭാഗത്ത് അലഞ്ഞുനടക്കാന്‍ ഇടയാക്കുന്നു. ചീഞ്ഞ മീനുകളും മറ്റവശിഷ്ടങ്ങളും സമീപത്തെ കിണറുകളില്‍ കൊണ്ടിടുന്നു. മീന്‍മാര്‍ക്കറ്റിന്റെ അവസ്ഥ ബോധ്യപ്പെട്ട് പഞ്ചായത്ത് ആരോഗ്യവകുപ്പ് പല തവണ നോട്ടീസ് നല്‍കിയിട്ടും അധികൃതര്‍ പരിഹാരനടപടിയൊന്നും എടുത്തില്ല. മാലിന്യസംസ്‌കരണവും ശുചീകരണവും ലക്ഷ്യമിട്ട് പഞ്ചായത്ത് നടത്തുന്ന 'ക്ലാപ്പ്' പദ്ധതിക്ക് മാര്‍ക്കറ്റ് ശാപമായി മാറിയിരിക്കുകയാണെന്നാണ് അങ്ങാടിപ്പുറം പഞ്ചായത്ത് പറയുന്നത്. മാര്‍ക്കറ്റിനെതിരേ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
Next Story

RELATED STORIES

Share it