Editorial

ദുഷ്പ്രചാരണത്തിനെതിരേ മനസ്സാക്ഷി ഉണരണം

അസംബ്ലി തിരഞ്ഞെടുപ്പ് കണക്കാക്കി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്തുതന്നെയായാലും അതിന്റെ പശ്ചാത്തലമൊരുക്കാന്‍ അദ്ദേഹം അഴിച്ചുവിട്ട ദുഷ്പ്രചാരണം കേരളീയ മനസ്സിനെ മലിനമാക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുമെന്നു തീര്‍ച്ചയാണ്. തനിക്കോ സംഘടനയ്‌ക്കോ കിട്ടുന്ന നേട്ടത്തേക്കാള്‍ ആയിരമിരട്ടി നഷ്ടമാണ് ഭാവിയില്‍ അതു സംസ്ഥാനത്തുണ്ടാക്കുക. മുസ്‌ലിംകളും ക്രിസ്ത്യാനികളും, ഉദ്യോഗങ്ങളിലും മറ്റു മണ്ഡലങ്ങളിലും അര്‍ഹിക്കുന്നതിലധികം സ്വാധീനം നേടിയെന്നും ഭൂരിപക്ഷ സമുദായം പിന്നിലായിപ്പോയെന്നും നടേശന്‍ പറയുന്നത് സംഘപരിവാരം

രൂപകല്‍പ്പന നല്‍കിയ നുണപ്രചാരണം അതുപോലെ പകര്‍ത്തിയതാണ്. മുമ്പുതന്നെ വ്യവസായ-വാണിജ്യ-വിദ്യാഭ്യാസമേഖലകളില്‍ മുന്നില്‍ നില്‍ക്കുന്ന സുറിയാനി ക്രൈസ്തവര്‍ അതിനനുസരിച്ചു കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ലത്തീന്‍ കത്തോലിക്കര്‍ പല മേഖലകളിലും പിന്നിലാണ്. കേരളത്തിലെ ജനസംഖ്യയില്‍ 26 ശതമാനത്തില്‍ അധികമുള്ള മുസ്‌ലിംകള്‍ക്കാകട്ടെ, ഉദ്യോഗങ്ങളില്‍ ഇതുവരെയും ആനുപാതികമായ പ്രാതിനിധ്യം വരെ നേടാന്‍ പറ്റിയിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് ചൂണ്ടിക്കാണിച്ച, പിന്നാക്കവിഭാഗങ്ങള്‍ക്കു നഷ്ടപ്പെട്ട 18,525 തസ്തികകളില്‍ മുസ്‌ലിംകള്‍ക്കു മാത്രം നഷ്ടപ്പെട്ടത് 7383 ഉദ്യോഗങ്ങള്‍. ജസ്റ്റിസ് നരേന്ദ്രന്‍ അന്നു പറഞ്ഞത് ഈഴവ-തിയ്യ വിഭാഗത്തിന് അഞ്ച് ഉയര്‍ന്ന തസ്തികകള്‍ മാത്രമേ നഷ്ടപ്പെട്ടുള്ളൂ എന്നാണ്.

ഈ തസ്തികകള്‍ ഒക്കെ ഇന്നു നികത്തപ്പെട്ടിട്ടില്ല. കാരണം, എസ്.എന്‍.ഡി.പി. നേതാവ് സംരക്ഷിക്കാനിറങ്ങിയ സമുദായത്തില്‍ പെട്ടവരുടെ തടസ്സവാദങ്ങള്‍. നഗരവീഥികളില്‍ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കും പള്ളികള്‍ക്കുമപ്പുറം നോക്കുമ്പോള്‍ ഭൂവുടമസ്ഥതയിലോ വരുമാനത്തിലോ മുസ്‌ലിംകള്‍ പിന്നിലാണെന്നു സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. എസ്.എന്‍.ഡി.പി. യോഗം പ്രതിനിധാനം ചെയ്യുന്ന സമുദായമാവട്ടെ, ഇക്കാര്യത്തിലൊക്കെ മുസ്‌ലിംകളേക്കാള്‍ വളരെ മുന്നിലാണുതാനും. സെക്രട്ടേറിയറ്റിലും മറ്റു സര്‍ക്കാര്‍ ഓഫിസുകളിലും മാത്രമല്ല, ഉന്നത നീതിപീഠങ്ങളില്‍ വരെ ആരൊക്കെ കയറിയിരിക്കുന്നു എന്നു പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണിത്.

സംസ്ഥാനത്ത് ഇത്തരം ദുഷ്പ്രചാരണം അണ്ണാക്കു തൊടാതെ വിഴുങ്ങുന്നവരുടെ എണ്ണം കൂടിവരുന്നത് കണ്ടുകൊണ്ടാണ് ഹിന്ദുത്വരില്‍ ചിലര്‍ പെരുംനുണകളുമായി രംഗത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാളും കുന്തവും പെട്രോളുമായി അനുയായികളെ വംശഹത്യക്ക് തെരുവില്‍ ഇറക്കുന്നതിന് ഉപയോഗിച്ച അതേ വൃത്തികെട്ട മുദ്രാവാക്യങ്ങളും കഥകളും ചില ബി.ജെ.പി. വനിതാ നേതാക്കള്‍ നിര്‍ലജ്ജം പ്രയോഗിക്കുന്നു.

അയല്‍ക്കാരെ ശത്രുക്കളായി കാണാന്‍ പ്രേരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ചില്ലറ വോട്ടുകള്‍ മാത്രമാണ് ഈ സുരാപാനത്തിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പുകള്‍ വരും, പോവും. എന്നാല്‍, നടേശനും മറ്റു ദുഷ്പ്രചാരകരും പരത്തുന്ന മാലിന്യം സംസ്ഥാനത്തെ പൊതുജീവിതത്തില്‍ കെടുനീര്‍ ചുരത്തി നിലനില്‍ക്കും. അതിനെതിരായാണ് മനസ്സാക്ഷിയുള്ള കേരളീയര്‍ അണിചേരേണ്ടത്.
Next Story

RELATED STORIES

Share it