Flash News

ദുഷ്പ്രചാരണങ്ങള്‍ അടിച്ചമര്‍ത്താനുള്ള മുന്നൊരുക്കം : പോപുലര്‍ ഫ്രണ്ട്



ഡല്‍ഹി: സംഘപരിവാര ഫാഷിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിന്റെയും സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതിന്റെയും പ്രതികാരമായാണു സംഘടനയെ ഇല്ലാതാക്കാനുള്ള നീക്കമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ചില ഏജന്‍സികളെ ഉപയോഗപ്പെടുത്തിക്കൊണ്ടും മീഡിയകളിലൂടെ സംഘടനയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിക്കൊണ്ടുമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നു ദേശീയ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. എന്‍ഐഎ റിപോര്‍ട്ടെന്ന പേരില്‍ സംഘടനയുടെ മേല്‍ തീവ്രവാദമുദ്ര ചാര്‍ത്തി ഒരു വിഭാഗം മാധ്യമങ്ങളും ഇതിനു കൂട്ടുനില്‍ക്കുകയാണ്. പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള ഗൂഢപദ്ധതിക്ക് കളമൊരുക്കാനാണു ദുഷ്പ്രചാരണങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. മൂവാറ്റുപുഴയിലും നാറാത്തും നടന്ന രണ്ട് പ്രാദേശിക സംഭവങ്ങളാണ് എന്‍ഐഎ റിപോര്‍ട്ടെന്ന പേരില്‍ സംഘടനയ്‌ക്കെതിരേ ആരോപിക്കപ്പെടുന്നത്. മൂവാറ്റുപുഴ സംഭവത്തില്‍ സംഘടനയെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ടിനോ അതിന്റെ നേതൃത്വത്തിനോ ബന്ധമില്ലെന്നു വിചാരണക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നാറാത്ത് കേസില്‍ കേരള ഹൈക്കോടതി യുഎപിഎ റദ്ദാക്കുകയും അതിനെതിരേ എന്‍ഐഎ നല്‍കിയ അപ്പീല്‍ ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളിക്കളഞ്ഞിട്ടുള്ളതുമാണ്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, സിമിയുടെ തുടര്‍ച്ചയാണെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞിട്ടുള്ളതാണ്. പോപുലര്‍ ഫ്രണ്ടിന്റെ  ആദ്യരൂപമായ എന്‍ഡിഎഫ് 1993ലാണു രൂപം കൊള്ളുന്നത്. എന്നാല്‍ സിമി നിരോധിക്കപ്പെടുന്നത് 2001ലാണ്. പോപുലര്‍ ഫ്രണ്ട് ഒരു തുറന്ന പുസ്തകമാണ്. സംഘടനയ്‌ക്കെതിരേ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ കാലഹരണപ്പെട്ടതും അടിസ്ഥാനരഹിതമെന്നും തെളിഞ്ഞിട്ടുള്ളതുമാണ്. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും നിര്‍ബന്ധ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹിന്ദുത്വകേന്ദ്രങ്ങളില്‍ നടക്കുന്ന പീഡനങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ക്കു മറയിടാനും വേണ്ടിയാണു ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നത്. ഇത്തരം നീക്കങ്ങളെ പോപുലര്‍ ഫ്രണ്ട് ശക്തമായി പ്രതിരോധിക്കും. സംഘടനയെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെ ജനാധിപത്യപരമായും നിയമപരമായും ചെറുക്കുമെന്നും ഇ അബൂബക്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it