kozhikode local

ദുര്‍ഭരണത്തിലെ ഉറങ്ങാത്ത ആകുലതയായി വി മോഹനന്റെ ചിത്രപ്രദര്‍ശനം



കോഴിക്കോട്: കൂരിരുളില്‍ വെളിച്ചത്തെ തേടാതിരിക്കുന്ന ഒന്നാംഘട്ടം, വിളക്കുകള്‍ക്കു താഴെ ഇരുട്ടു കണ്ടെത്തുന്ന രണ്ടാംഘട്ടം, പാരിസ്ഥിതിക വിവേകത്തിന്റെ മൂന്നാം ഘട്ടം-മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോവുന്ന ഈ ചിത്രങ്ങള്‍ ആസ്വാദകരുമായി പങ്ക്‌വെയ്ക്കുന്നത് ഉറങ്ങാത്ത വിലാപങ്ങള്‍. ചിത്രകാരനും ശില്‍പിയുമായ വി മോഹനന്‍ 25 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജന്മനഗരത്തില്‍ ഒരു ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 1992 ലാണ് അവസാനമായി മോഹനന്‍ തന്റെ ചിത്രങ്ങള്‍ ഇവിടെ പഴയ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിനുവച്ചത്. അതിനു ശേഷം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ചിത്രങ്ങളും ശില്‍പങ്ങളുമായി പ്രദര്‍ശനം നടത്തിയ ശേഷമാണ് ഇദ്ദേഹം തന്റെ ജന്മനഗരത്തിലേക്ക് എത്തിയിരിക്കുന്നത്. 25 നാണ് അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനം ആരംഭിച്ചത്. ആസ്വാദക ഹൃദയങ്ങളില്‍ ആകുലതകളുടെ മുറിവുകള്‍ പടര്‍ത്തുന്നതാണ് ഓരോ ചിത്രങ്ങളും . മോഹനന്റെ വരകള്‍ അതതു കാലത്തിന്റെ രാഷ്ട്രീയ, സാമൂഹിക പരിസരങ്ങളുടെ നേര്‍ക്കാഴ്ചയാണ്. എഴുപതുകളില്‍ വരയാരംഭിച്ച മോഹനന്റെ ആദ്യകാല രചനകള്‍ മിക്കതും ദുസ്വപ്്‌നങ്ങള്‍ നിറഞ്ഞ രാത്രിയുടേതായിരുന്നു. അധികാര വ്യവസ്ഥയും ആധികാരികതയുടെ രൂപങ്ങളും ചേര്‍ന്നു മനുഷ്യന്റെ ജീവിതത്തെ ഭയം കൊണ്ടും ഇരുട്ടുകൊണ്ടും മൂടിയതിനെ വരയുകയായിരുന്നു അന്നു മോഹന്‍. ഇന്നും മോഹനന്റെ വരകളില്‍ കാണുന്നത് ദുര്‍ഭരണം സൃഷ്ടിക്കുന്ന സമൂഹത്തിന്റെ പ്രശ്്‌നസങ്കീര്‍ണതകളാണ്. മൃഗരൂപങ്ങളും ദുസ്വപ്്‌നങ്ങളുടെ ഭയപ്പെടുത്തുന്ന അന്തരീക്ഷവും ഹിംസയുടെ, ദയാരാഹിത്യത്തിന്റെ, വേതാള ഭാവങ്ങളുമാണ് അദ്ദേഹം അടയാളപ്പെടുത്തിരിക്കുന്നത്. മനുഷ്യരാശി അനുഭവിച്ചുകൊണ്ടേയിരിക്കുന്ന അരക്ഷിതാവസ്ഥയും അസമത്വവും അസ്വാതന്ത്ര്യവുമൊക്കെയാണ് ഈ ചിത്രങ്ങള്‍ നമ്മോടു പങ്കുവെയ്ക്കുന്നത്. എണ്ണച്ചായത്തിലും അക്രിലികിലും മിക്‌സഡ് മീഡിയകളിലും വരച്ച 78 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം 29 വരെയുണ്ടാകും. പ്രദര്‍ശനം പി എന്‍ ദാസ് ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസങ്ങളിലും സാംസ്‌കാരിക സമ്മേളനങ്ങളും നടക്കുന്നു.
Next Story

RELATED STORIES

Share it