ദുര്‍ഗാദേവിക്കെതിരേ പരാമര്‍ശം നടത്തിയെന്ന്;  മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി; പോലിസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ദുര്‍ഗാദേവിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകയ്ക്കു വധഭീഷണി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനാണ് ഫോണിലൂടെ വധഭീഷണി ലഭിച്ചത്. ഈ മാസം 26ന് ന്യൂസ് അവറില്‍ സിന്ധു സൂര്യകുമാര്‍ ദുര്‍ഗാദേവിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വധഭീഷണി.
ഫേസ്ബുക്ക് പേജിലും വാട്ട്‌സ്ആപ്പിലും സിന്ധു സൂര്യകുമാറിന്റെ ഔദ്യോഗിക നമ്പര്‍ നല്‍കി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുയര്‍ത്തി വ്യക്തിഹത്യ നടത്തുകയും വധഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്നു ചൂണ്ടിക്കാണിച്ച് ഫോണ്‍നമ്പറുകള്‍ സഹിതം സിന്ധു സൂര്യകുമാര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
രണ്ടു ദിവസത്തിനിടെ ആയിരത്തിലേറെ ഭീഷണി സന്ദേശങ്ങളാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി വന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫിസ് ഫോണിലേക്കും നിരവധി ഭീഷണി സന്ദേശങ്ങളെത്തിയിരുന്നു. സൈബര്‍ പോലിസ് അന്വേഷണം ആരംഭിച്ചതായും ഭീഷണിപ്പെടുത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it