Idukki local

ദുര്‍ഗന്ധം പരത്തി കംഫര്‍ട്ട് സ്‌റ്റേഷന്‍; മാലിന്യ നിക്ഷേപം പൊതു കിണറ്റില്‍

വണ്ണപ്പുറം: ദുര്‍ഗന്ധം പരത്തുന്ന കംഫര്‍ട്ട് സ്‌റ്റേഷന്‍ വണ്ണപ്പുറത്തുകാരുടെ ശാപമായി മാറുന്നു. ടൗണില്‍ അമ്പലപ്പടിക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേര്‍ന്നുള്ള ശൗചാലയമാണ് നാളുകളായി വൃത്തിഹീനമായി കിടക്കുന്നത്.
ഇതുമൂലം എറണാകുളം, കോതമംഗലം, ഭാഗത്തേക്കു പോകാനെത്തുന്ന യാത്രക്കാര്‍ മൂക്കുപൊത്തി നില്‍ക്കേണ്ട ഗതികേടിലാണ്. കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്നു വമിക്കുന്ന ദുര്‍ഗന്ധം മൂലം സമീപത്തുണ്ടായിരുന്ന ബേക്കറി ഷോപ്പും ഒരു സ്വകാര്യ ബാങ്കും ഉള്‍പ്പെടെ ഇവിടെ നിന്ന് മാറ്റി.
മുന്‍പ് പല തവണ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും ജനങ്ങള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കുന്നില്ല.നിലവില്‍ വെയിറ്റിങ് ഷെഡിന്റെ ഒരു വശം കാട് കയറി കിടക്കുകയാണ്.അതിനാല്‍ തന്നെ സമീപം ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
സമീപത്തായി പഞ്ചായത്തിന്റെ ഒരിക്കലും വറ്റാത്ത കിണര്‍ ഉണ്ടെങ്കിലും ഉപയോഗ ശൂന്യമായി നശിക്കുകയാണ്.സമീപത്തെ സെപ്റ്റി ടാങ്കില്‍ നിന്നുള്ള അഴുക്കുകള്‍ കിണറ്റിലേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയിലാണ് ഇപ്പോള്‍. പകുതിയോളം വെള്ളമുള്ള ഈ കിണറിലാണ് മാലിന്യ നിക്ഷേപം. ഹൈറേഞ്ച് മേഖലയില്‍ നിന്നു വരുന്ന യാത്രക്കാര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും സൗകര്യമില്ലാതെ വലയുകയാണ്.പഞ്ചായത്തിലെ പുതിയ ഭരണ സമിതിയും ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിട്ടില്ല.
Next Story

RELATED STORIES

Share it