ദുരൂഹസാഹചര്യത്തില്‍ നാലംഗ സംഘത്തെ കാണാതായി; ഒഡീഷയില്‍ ജാഗ്രത

ഭുവനേശ്വര്‍: ഒഡീഷയിലെ ഹോട്ടലിലെത്തിയ നാലംഗ സംഘം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായതിനെ തുടര്‍ന്ന് സംസ്ഥാനത്താകെ ജാഗ്രത പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഒമ്പതു മണിയോടെ ഭുവനേശ്വറിലെ ആര്യവിലാസ് ഹോട്ടലില്‍ എത്തി ഇറാഖികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ നാലു പേരെയാണ് പൊടുന്നനെ കാണാതായത്. ആഗതര്‍ക്ക് ആറ് അടിയിലേറെ പൊക്കമുണ്ട്. ഡല്‍ഹി രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറില്‍ എത്തിയ ഇവര്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംസാരിച്ചിരുന്നത്.
പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹോട്ടല്‍ ജീവനക്കാര്‍ ചോദിച്ചപ്പോള്‍ ആഗതര്‍ പെട്ടെന്ന് അപ്രത്യക്ഷരാവുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലിസ് എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇവരുടെ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി. നാലുപേരും ഭീകരവാദികളാണെന്ന് സംശയിക്കുന്നതായി ഡിജിപി കെ ബി സിങ് പറഞ്ഞു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലിസ് അറിയിച്ചു. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഐജി അനന്തന്‍ ബോത്രയുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസേന അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it