ദുരിതാശ്വാസ സംഭാവന: വാട്‌സ് ആപ്പില്‍ വിമര്‍ശനം പോസ്റ്റ് ചെയ്ത ഗസറ്റഡ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഉല്‍സവബത്ത പിടിക്കുന്നതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗസറ്റഡ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര പോളിടെക്‌നിക് കോളജിലെ വര്‍ക്‌ഷോപ്പ് സൂപ്രണ്ടും തൃശൂര്‍ പീച്ചി സ്വദേശിയുമായ വി പി പ്രകാശനെ യാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. കെ പി ഇന്ദിരാദേവി ഉത്തരവിറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് പ്രളയം രൂക്ഷമാവുന്നതിനു മുമ്പ് ആഗസ്ത് 12ന് രാവിലെ 10.18നാണ് ഇദ്ദേഹം വാട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്തത്. ജീവനക്കാരന്റെ പോസ്റ്റിനെത്തുടര്‍ന്ന് ആഗസ്ത് 14ന് വിദ്യാഭ്യാസ മന്ത്രി നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ 13നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. രണ്ടു ഗഡു ക്ഷാമബത്ത കുടിശ്ശിക നല്‍കാനിരിക്കേ ഉല്‍സവ ബത്തയായ 2750 രൂപ കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രകാശന്‍ പോസ്റ്റ് ചെയ്തത്. അതേസമയം, ഉല്‍സവബത്ത ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിടുന്നതിനു മുമ്പായിരുന്നു പോളിടെക്‌നിക്കിലെ വാട്‌സ് ആപ്പ് ഗ്രൂപ്പായ സ്റ്റാഫ് ക്ലബ് എന്ന ഗ്രൂപ്പില്‍ പ്രകാശന്‍ പോസ്റ്റ് ചെയ്തത്. പ്രകാശന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരളാ ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ പ്രവര്‍ത്തകനാണ്. ഇടത് അനുകൂല സംഘടനയായ കേരളാ ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തകരിലൊരാള്‍ ഉല്‍സവബത്ത ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഗ്രൂപ്പില്‍ അഭ്യര്‍ഥിച്ചിരുന്നു. ആഗസ്ത് 18നാണ് ഉല്‍സവബത്ത ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് ഉത്തരവിറക്കിയത്. പ്രളയം രൂക്ഷമാവുന്നതിനു മുമ്പായിരുന്നു പ്രകാശന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പരിഹസിക്കും വിധം പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥന്റെ പ്രവൃത്തി ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനവും സര്‍ക്കാര്‍ സേവന വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണെന്നു ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നും കേരള സിവില്‍ സര്‍വീസസ് (സിസിആന്റ്എ) 1960ലെ റൂള്‍ 10(1)(എ) അനുസരിച്ച് നടപടി ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ദുരിതാശ്വാസ നിധിയിലേക്കു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതു സംബന്ധിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഭരണ-പ്രതിപക്ഷ സംഘടനകളിലെ അംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന അവസ്ഥയിലായിരിക്കുകയാണ്.

Next Story

RELATED STORIES

Share it