ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നല്‍കിയില്ല; ഇടത് സംഘടനാ നേതാവിനെ സ്ഥലംമാറ്റി

തിരുവനന്തപുരം/കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കില്ലെന്ന് നിലപാടെടുത്ത സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലംമാറ്റി. സംഭവം വിവാദമായതോടെ സ്ഥലംമാറ്റം പിന്‍വലിച്ച് വീണ്ടും ഉത്തരവിറക്കി.
ധനകാര്യ വകുപ്പിലെ സെഷന്‍ ഓഫിസറായ അനില്‍ രാജിനെയാണ് സ്ഥലംമാറ്റിയത്. സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയിലെ സജീവ പ്രവര്‍ത്തകനായ അനില്‍ രാജ് സെക്രട്ടേറ്റിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറികൂടിയാണ്.
സര്‍ക്കാര്‍ ജീവനക്കാരായ തന്റെയും ഭാര്യയുടെയും ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ നിവൃത്തിയില്ലെന്നും ഭാര്യയുടേത് മാത്രം നല്‍കാമെന്നുമായിരുന്നു അനില്‍ രാജിന്റെ നിലപാട്. ദുരിതത്തില്‍ താനും കുടുംബവും ഏറെ സഹായങ്ങള്‍ ചെയ്‌തെന്നും ഇനിയും നല്‍കാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം ജീവനക്കാര്‍ മാത്രമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്—തിരുന്നു.
ഇതിനു പിന്നാലെയാണ് ദേശീയ സമ്പാദ്യ പദ്ധതിയുടെ പെന്‍ഷന്‍ വിഭാഗത്തിലേക്ക് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ഇത് വാര്‍ത്തയായതോടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കില്ലെന്ന് നിലപാട് എടുത്തതിനല്ല സ്ഥലംമാറ്റമെന്ന് ധനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. അനില്‍ രാജിന്റേത് സ്വാഭാവിക സ്ഥലംമാറ്റമാണ്.
ഇക്കാര്യത്തില്‍ അസ്വാഭാവികതയില്ലെന്നും മന്ത്രിയുടെ ഓഫിസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭരണപക്ഷ യൂനിയനുകളുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായതോടെ വൈകീട്ടോടെ ധനവകുപ്പ് നടപടി പിന്‍വലിക്കുകയായിരു ന്നു. അതേസമയം, പ്രളയദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി പിരിച്ചെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ എംജി സര്‍വകലാശാലയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. ഒരുമാസത്തെ ശമ്പളമില്ലെങ്കില്‍ മറ്റൊന്നും വേണ്ടെന്ന നിഷേധാത്മക സമീപനം ജീവനക്കാരെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണെന്ന് എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എന്‍ മഹേഷ് പറഞ്ഞു. ജോസ് മാത്യു അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it