malappuram local

ദുരിതബാധിത പ്രദേശങ്ങള്‍ ഗുലാം നബി ആസാദ് സന്ദര്‍ശിച്ചു

മലപ്പുറം: ജില്ലയിലെ കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങള്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹം ഒമ്പതുപേരുടെ മരണത്തിനടയാക്കിയ ചെറുകാവ് പേങ്ങാട് കൊടപ്പുറത്തെ ദുരന്തബാധിത മേഖലയിലാണ് ആദ്യം എത്തിയത്. ദുരന്തത്തിനിടയായ പൂര്‍ണമായി തകര്‍ന്ന വീടും പരിസരവും സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം ഐ ഷാനവാസ്, എ പി അനില്‍കുമാര്‍ എംഎല്‍എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി ആര്‍ രോഹില്‍നാഥ്, സറീന ഹസീബ്്, എ കെ അബ്ദുര്‍റഹ്മാന്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ അബ്ദുല്‍ കരീം, സ്ഥിരംസമിതി ചെയര്‍മാന്‍ കെ പി അമീര്‍, ഡെപ്യൂട്ടി കലക്ടര്‍ സി അബ്ദുല്‍ റഷീദ്, ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എ സിന്ധു എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് മൂന്നുപേരുടെ മരണത്തിനടയാക്കിയ പൂച്ചാലിലെ മണ്ണിടിച്ചില്‍ സംഭവിച്ച സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു. പിന്നീട് ഉരുള്‍പൊട്ടലില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ ഓടക്കയം കോളനിയില്‍ സന്ദര്‍ശനം നടത്തി. എം ഐ ഷാനവാസ് എംപി, പി കെ ബഷീര്‍ എംഎല്‍എ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരീഫ ചീക്കോട്, ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത്് മെമ്പര്‍മാരായ സുനിത മനോജ്, ബെന്നിപോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദുരന്തത്തില്‍ വീടു തകര്‍ന്നതിനെ തുടര്‍ന്നു ഓടക്കയം ജിഎയുപി സ്‌കൂളിനു സമീപമുള്ള നെഹ്‌റു യുവജന ട്രൈബല്‍ ക്ലബില്‍ താമസിക്കുന്ന കുടുംബങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. പിന്നീട് നിലമ്പൂര്‍ താലൂക്കിലെ ദുരിതബാധിത മേഖലകളിലും സന്ദര്‍ശനം നടത്തി.
Next Story

RELATED STORIES

Share it