ദുരിതബാധിതര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണം- ഗുലാംനബി ആസാദ്‌

കോഴിക്കോട്: കേരളത്തില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ സഹായധനം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പ്രളയദുരിതാശ്വാസ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ഡിസിസി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നൂറ്റാണ്ടിലെ വലിയ പ്രളയത്തിനാണ് കേരളം സാക്ഷിയായത്. വലിയ രീതിയിലുള്ള നഷ്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ദുരന്തത്തില്‍ മരിച്ചവരുടെ ജീവന് വില നിശ്ചയിക്കാനാവില്ല. എന്നാല്‍ വീട് ഉള്‍പ്പെടെ സകലതും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ ധനസഹായം ലഭ്യമാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ പങ്കാളിത്തത്തോടെ ദുരിതബാധിതര്‍ക്ക് 10 ലക്ഷം രൂപയെങ്കിലും നല്‍കണം. വീട് തകര്‍ന്നവര്‍ക്ക് പുതിയ വീടൊരുക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കണം. ചില ക്യാംപുകളില്‍ നിന്നു ഭരണപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉല്‍പ്പന്നങ്ങള്‍ ബലമായി കൊണ്ടുപോയതും ചിലയിടങ്ങളിലെ പാര്‍ട്ടി ആഭിമുഖ്യ ക്യാംപുകളില്‍ പ്രത്യേക പരിഗണനകള്‍ നല്‍കുന്നതും ആശ്വാസകരമായ പ്രവൃത്തിയല്ല. ഇതു കര്‍ശനമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ദൈവം മാലാഖമാരിലൂടെ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് എന്നു പറയുന്നതുപോലെ, കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ മാലാഖമാരായി മാറിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ തങ്ങള്‍ക്ക് സര്‍ക്കാര്‍ വച്ചുനീട്ടിയ 3,500 രൂപയുടെ പ്രതിഫലം സ്‌നേഹത്തോടെ നിരസിച്ചതുവഴി അവര്‍ യഥാര്‍ഥ ഹീറോകളായി മാറിയതായും ഗുലാംനബി ആസാദ് പറഞ്ഞു. ഡിസിസി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് അധ്യക്ഷനായിരുന്നു. കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍, എംപിമാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ് സംസാരിച്ചു.

Next Story

RELATED STORIES

Share it