kasaragod local

ദുരിതബാധിതര്‍ക്ക് നിര്‍മിച്ച വീടിന്റെ പാലുകാച്ചലിന്  സുരേഷ് ഗോപി എത്തി

കാഞ്ഞങ്ങാട്: താരപരിവേഷങ്ങളില്ലാതെ വെള്ളിത്തിരയിലെ പ്രിയതാരം സുരേഷ് ഗോപി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കണ്ണീരൊപ്പാനെത്തി. ദുരിത ബാധിര്‍ക്ക് വീടൊരുക്കിയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള തന്റെ ആത്മാര്‍ഥത സുരേഷ് ഗോപി തെളിയിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ചീമേനി ചന്ദ്രവയലിലെ ഹര്‍ഷ, കയ്യൂര്‍ കൂക്കോട്ടെ പവിത്രന്‍, കാസര്‍കോട് കല്ലക്കട്ടയിലെ ഹസീന എന്നിവരുടെ വീടുകളിലാണ് ഇന്നലെ പാല്‍ കാച്ചല്‍ നടന്നത്. പ്രാദേശികമായി രുപീകരിച്ച ജനകീയ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ചലചിത്രതാരം സുരേഷ് ഗോപി വീട് നിര്‍മിച്ചു നല്‍കിയത്.
കാരുണ്യത്തിന്റെ സ്‌നേഹവീടൊരുക്കിയ സുരേഷ് ഗോപി ഇന്നലെ രാവിലെ 9.30 ഓടെ കയ്യൂര്‍ കൂക്കോട്ട പവിത്രന്റെ വീട്ടിലാണ് ആദ്യം എത്തിയത്. താരത്തിന് സ്‌നേഹോഷ്മളമായ സ്വീകരണമാണ് നാട്ടുകാര്‍ ഒരുക്കിയത്. തുടര്‍ന്ന് ചന്ദ്രവയലിലെ ഹര്‍ഷയുടെ വീട്ടിലും എത്തി. നാലര ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്.
ജന്മനാ നടക്കാന്‍ ശേഷിയില്ലാത്ത കൂക്കോട്ടെ പവിത്രനെ ആശ്ലേഷിച്ചു. അംബികാസുതന്‍ മാങ്ങാടിന്റെ നേതൃത്വത്തിലുള്ള നെഹ്‌റു കോളജിലെ മലയാളം സാഹിത്യവേദിയാണ് വീടുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. വീട് നിര്‍മക്കാന്‍ സുരേഷ് ഗോപിയോട് അഭ്യര്‍ഥിച്ചതും ഇവരാണ്. നേരത്തെയും ദുരിത ബാധിതര്‍ക്ക് സുരേഷ് ഗോപി നാല് വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. അമ്പലത്തറയില്‍ നിര്‍മിക്കുന്ന സ്‌നേഹ വീടിന്റെ ശിലാസ്ഥാപനവും സുരേഷ് ഗോപി നിര്‍വഹിച്ചു. എം സി ഖമറുദ്ദീന്‍, മുനീസ അമ്പലത്തറ, ലീലാകുമാരിയമ്മ, ഡോ. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Next Story

RELATED STORIES

Share it