malappuram local

ദുരിതബാധിതര്‍ക്ക് ആനുകൂല്യം കിട്ടിയെന്ന് ഉറപ്പാക്കണം: മന്ത്രി

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിച്ച മുഴുവന്‍ ആളുകള്‍ക്കും ആനൂകൂല്യം കിട്ടിയെന്ന് ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ.കെ ടി ജലീല്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണയുമായി കാലവര്‍ഷക്കെടുതി സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ലഘു വിവരണം ജില്ലാ കലക്ടര്‍ മന്ത്രിക്ക് നല്‍കി. ദുരിതമനുഭവിച്ച് ക്യാംപുകളിലും വീടുകളിലും കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച കിറ്റുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ക്യാംപിലുള്ള മുഴുവന്‍ പേര്‍ക്കും കിറ്റുകള്‍ നല്‍കി കഴിഞ്ഞു. ബന്ധുവീടുകളില്‍ കഴിഞ്ഞവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് എല്ലാവര്‍ക്കും എത്തിക്കാന്‍ കഴിയും. ഇതു സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ വില്ലേജ് ഓഫിസുകളുമായി ബന്ധപ്പെടണം. പല വകുപ്പുകളുടെയും നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചു. ഇതുകൂടി പൂര്‍ത്തിയാവുന്നതോടെ മാത്രമെ ജില്ലയിലെ യഥാര്‍ഥ നഷ്ടം കണക്കാക്കാന്‍ കഴിയു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക കണ്ടെത്തുന്നതിന് മന്ത്രി ജലീലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ താലൂക്കുതലത്തില്‍ പ്രത്യേക കാംപയിന്‍ നടത്തും. പ്രസ്തുത കാംപയിനില്‍ പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ സഹായിക്കാന്‍ താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിട്ട് തുക കെമാറാം. നിലവില്‍ ജില്ലയില്‍ ഇതുവരെ 2.80 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. സപ്തംബര്‍ 10 മുതല്‍ 15 വരെയാണ് കാംപയിന്‍. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സപ്തംബര്‍ 10 ന് പൊന്നാനിയില്‍ നടക്കും. തുടര്‍ന്ന് വൈകീട്ട് 2.30 മുതല്‍ തിരൂരിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരൂരങ്ങാടി, കൊണ്ടോട്ടി, നിലമ്പൂര്‍, എറനാട്, ഏറനാട് പെരിന്തല്‍മണ്ണ എന്നിവടങ്ങളിലെ താലൂക്ക് ആസ്ഥാനങ്ങളിലും നടക്കും.
Next Story

RELATED STORIES

Share it