kozhikode local

ദുരിതബാധിതര്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കോണ്‍ഗ്രസ് നേതാവിന്റെ ഗോഡൗണില്‍

മുക്കം: ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനായി എം ഐ ഷാനവാസ് എംപി നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ ഗോഡൗണില്‍ സൂക്ഷിച്ച സംഭവം പ്രതിഷേധങ്ങള്‍ക്കും രാഷ്ടിയ ഏറ്റുമുട്ടലുകള്‍ക്കും വഴിവെച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് 800 കിലോ അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ മുക്കം കുറ്റിപ്പാലക്കലിലെ ഒരു മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജുനൈദ് പാണ്ടികശാലയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ മുറി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ മുറിയില്‍ അരിയടക്കുള്ള വസ്തുക്കള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി പരിശോധന നടത്തിയത്. മുറിയുടെ ജനവാതില്‍ തുറന്നപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ കണ്ടു. ഇതോടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുറിക്കു മുന്നില്‍ ഉപരോധ സമരം നടത്തി. ഡിവൈഎഫ്‌ഐ നേതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി വാതില്‍ തുറന്ന് ഭക്ഷ്യ വസ്തുക്കള്‍ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുക്കം എസ്‌ഐ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷാവസ്തുക്കള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇതോടെ വിശദീകരണവും പ്രതിരോധവുമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും രംഗത്തുവന്നു. ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിയതല്ലെന്നും മുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഓഫിസ് ഇല്ലാത്തതിനാല്‍ തന്റെ ഗോഡൗണില്‍ സൂക്ഷിച്ചതാണെന്നും ജുനൈദ് പാണ്ടികശാല പറഞ്ഞു. ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനായി എംപി തന്നതാണെന്നും വേണ്ടത്ര സാധനം എത്താത്തതിനാലാണ് വിതരണം ചെയ്യുന്നതില്‍ കാലതാമസം വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു ടണ്‍ ഭക്ഷ്യധാന്യം കൂടി എത്തുമെന്നും അതിന് ശേഷം ഓരോ ബൂത്തിലും 30 കിറ്റുകള്‍ വീതം വിതരണം ചെയ്യാനാണ് എംപി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തോടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെത്തി ഭക്ഷ്യവസ്തുക്കള്‍ സ്റ്റേഷനില്‍ നിന്നും എടുത്ത് നേരത്തേ സാധനങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തന്നെ തിരിച്ചു കൊണ്ടു പോയി. സത്യം ബോധ്യപ്പെട്ടതുകൊണ്ടാണ് പോലിസ് സാധനങ്ങള്‍ വിട്ടുനല്‍കിയതെന്നും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ രാഷ്ട്രീയ നാടകമാണ് ഇതിലൂടെ പൊളിഞ്ഞതെന്നും യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞു. അതേസമയം സംഭവം കോണ്‍ഗ്രസ്സിനുള്ളില്‍ കലാപം തീര്‍ത്തു. സാധനങ്ങള്‍ സുക്ഷിച്ചതില്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്നും കമ്മിറ്റിയുടെ അറിവോടെയല്ല ഭക്ഷ്യവസ്തുക്കള്‍ സ്വകാര്യ വ്യക്തിയുടെ മുറിയില്‍ സൂക്ഷിച്ചതെന്നും കോണ്‍ഗ്രസ് മുക്കം മണ്ഡലം ഭാരവാഹി പറഞ്ഞു. മലയോര മേഖലയിലെ മറ്റു മണ്ഡലങ്ങളില്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ മുക്കത്ത് യൂത്ത് കോണ്‍ഗ്രസിനാണ് ചുമതല നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. ദുരിതബാധിതര്‍ക്ക് നല്‍കാന്‍ എംപി നല്‍കിയ അവശ്യവസ്തുക്കള്‍ അനര്‍ഹര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന ആക്ഷേപവും കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമാണ്. ഇക്കാര്യത്തിലും എംപി ഗ്രൂപ്പുകളിക്കുകയാണെന്ന വികാരവും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്.
Next Story

RELATED STORIES

Share it