ദുരിതബാധിതരുടെ വസ്തുക്കളുടെ മോഷണം; വില്ലേജ് ഓഫിസ് ജീവനക്കാരന്‍ അറസ്റ്റില്‍

അമ്പലപ്പുഴ: ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ കൂട്ടുപ്രതിയായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ പോലിസ് അറസ്റ്റ് ചെയ്തു. തകഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അരയന്‍ചിറ വീട്ടില്‍ സന്തോഷ് (42) ആണ് അറസ്റ്റിലായത്. പുറക്കാട്ടെ ശ്രീ വേണുഗോപാല ദേവസ്വത്തിന്റെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന അരിയുള്‍പ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങളും സ്‌റ്റേഷനറി സാധനങ്ങളുമാണ് ദേവസ്വം മാനേജരും ബിജെപി പ്രവര്‍ത്തകനുമായ രാജീവ് പൈ (65)യും സന്തോഷും ചേര്‍ന്ന് മോഷ്ടിച്ചത്.
സംഭവത്തില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ രാജീവ് പൈ റിമാന്‍ഡിലാണ്. ബുധനാഴ്ച രാത്രി 11.30ഓടെയാണു സന്തോഷിന്റെ ഒത്താശയോടെ രാജീവ് പൈ വേണുഗോപാല ദേവസ്വം വക കെട്ടിടത്തിനു സമീപമുള്ള ഇയാളുടെ അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് സാധനങ്ങള്‍ കടത്തിയത്. സംഭവമറിഞ്ഞെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇയാളെ തൊണ്ടിയോടെ പിടികൂടിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന സന്തോഷ് പോലിസ് എത്തിയതോടെ മുങ്ങുകയായിരുന്നു. പിന്നീട് വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാള്‍ അമ്പലപ്പുഴ എസ്‌ഐ എം പ്രതീഷിന്റെ വലയിലായത്. സംഭവത്തില്‍ പോലിസ് കണ്ടെടുത്ത മോഷണമുതലിനേക്കാളധികം സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പുറക്കാട് പഞ്ചായത്തിലെ 53 ദുരിതാശ്വാസ ക്യാംപുകളില്‍ ഇനിയും പിരിച്ചു വിടാന്‍ ബാക്കിയുള്ള രണ്ട് ക്യാംപുകളിലെ ദുരിതബാധിതര്‍ക്കായി വിതരണം ചെയ്യുന്നതിന് സൂക്ഷിച്ച സാധനങ്ങളാണ് മോഷ്ടിച്ചത്.

Next Story

RELATED STORIES

Share it