thrissur local

ദുരിതങ്ങളുടെ നിറവില്‍ മണ്ടംപറമ്പ് നായാടി കോളനിയിലെ കുടുംബങ്ങള്‍

എരുമപ്പെട്ടി: ദുരിതങ്ങളുടെ നിറവില്‍ കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് നായാടി കോളനിയിലെ കുടുംബങ്ങള്‍. സംരക്ഷണത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കോളനിയിലെ കുടുംബങ്ങള്‍ അവഗണനയുടെ ഇരകളായി മാറുകയാണ്.
പന്ത്രണ്ട് നായാടി കുടുംബങ്ങളാണ് മണ്ടംപറമ്പ് നായാടി കോളനിയില്‍ ദുരിതംപേറി കഴിയുന്നത്. വീടുകളില്‍ നിന്ന് മണ്‍കലങ്ങള്‍ പടിയിറങ്ങിയതോടെ കുലത്തൊഴിലായ ഉറി നിര്‍മ്മാണം ഇവര്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു. ജാതിയോടുള്ള തൊട്ടുകൂടായ്മയും ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റവും കൂലിപ്പണി ലഭിക്കുന്നതിനും തടസമാകുന്നു.
വീടുകളില്‍ചെന്ന് കൈ നീട്ടി ഭിക്ഷയായി ലഭിക്കുന്ന പണംകൊണ്ടാണ് കുടുംബങ്ങള്‍ അര്‍ദ്ധ പട്ടിണിയും മുഴുപട്ടിണിയുമായി കഴിഞ്ഞുകൂടുന്നത്. അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ കോളനിയിലുണ്ടെങ്കിലും സര്‍ക്കാര്‍ ജോലിയെന്നത് വിദൂര സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു.
2008ല്‍ തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന സി വി ബേബിയുടെ പ്രത്യേക താല്‍പര്യപ്രകാരം നിര്‍മ്മിച്ച് നല്‍കിയ വീടുകളാണ് കോളനി നിവാസികള്‍ക്ക് ലഭിച്ചിട്ടുള്ള എടുത്ത് പറയാവുന്ന ആനുകൂല്യം. കാലപഴക്കവും നിര്‍മ്മാണത്തിലെ അപാകതകള്‍കൊണ്ടും വീടുകള്‍ വാസയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. കിണര്‍, റോഡ് നിര്‍മ്മാണങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതി പാതിവഴിയില്‍ നില്‍ക്കുകയാണ്. പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന് കോളനി നിവാസികള്‍ നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂലമായ നടപടി സ്വീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ തങ്ങളോട് കനിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ കളക്ടറെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് മണ്ടംപറമ്പിലെ നായാടി കോളനി കുടുംബങ്ങള്‍.
Next Story

RELATED STORIES

Share it