ദുരിതങ്ങളില്‍ നിന്ന് ഗോമതി യാത്രയായി; മരണം പോലുമറിയാതെ സഹോദരങ്ങള്‍

ദുരിതങ്ങളില്‍ നിന്ന് ഗോമതി യാത്രയായി; മരണം പോലുമറിയാതെ സഹോദരങ്ങള്‍
X
TVM_nedumangad_soft_story_tvm_151209194609810

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: ഒരു മനുഷ്യായുസ്സു മുഴുവന്‍ കുടുംബത്തിന്റെ ദുരിതത്തിന് അറുതിവരുത്താന്‍ ഓടിയോടി ഒടുവില്‍ അവര്‍ നാലുപേരെയും ദുരിതക്കിടക്കയിലിട്ട് ഗോമതി പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചു. നെടുമങ്ങാട് പനവൂര്‍ കല്ലിയോട് കൊക്കോട് തടത്തരികത്തു വീട്ടില്‍ രാമകൃഷ്ണന്‍ നാടാരുടെയും പരേതയായ ചെല്ലമ്മയുടെയും മകളായ ഗോമതി (58)യാണ് കഴിഞ്ഞ ദിവസം രാത്രി കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്നു മരിച്ചത്.
ജന്മനാ ഭിന്നശേഷിയും ബുദ്ധിമാന്ദ്യവുമുള്ള മൂന്നു സഹോദരങ്ങള്‍ക്കും ബധിരനും മൂകനുമായ സഹോദരീപുത്രനും ഗോമതിയുടെ മരണത്തോടെ ആലംബമില്ലാതെയായി. രവി (55), മോഹനന്‍ (50), അനില്‍കുമാര്‍ (47) എന്നീ മൂന്നുപേരും ഏഴ് സെന്റില്‍ പണിതീരാത്ത വീടിന്റെ ഒറ്റ മുറിയില്‍ ജീവിതം കഴിക്കുന്നവരാണ്. പരസഹായമില്ലാതെ മുറിക്കു പുറത്തിറങ്ങാനോ കിടക്കുന്നിടത്തുനിന്ന് അനങ്ങാനോ കഴിയാത്ത ദുരവസ്ഥയിലാണിവര്‍. പ്രസവത്തില്‍ കുഞ്ഞു മരിച്ചതിനെ തുടര്‍ന്നുള്ള രോഷത്തില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഗോമതിയാണ് വിധി സമ്മാനിച്ച ദുരിതങ്ങള്‍ മുഴുവന്‍ പിന്നീടു ചുമലിലേറ്റിയത്. സഹോദരന്‍മാരെ പരിചരിച്ചു പോരുന്നതിനിടെ ഗോമതിയുടെ സഹോദരി ഓമന മരിച്ചു. ഇതോടെ ഇവരുടെ ബധിരനും മൂകനുമായ മകന്‍ അജിത് (35) ഗോമതിയോടൊപ്പം ഇവരുടെ വീട്ടില്‍ ചേക്കേറി.
കല്ലിയോട് ജങ്ഷനില്‍ മല്‍സ്യവും പച്ചക്കറിയും വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനവും നാട്ടുകാരുടെ കാരുണ്യവും കൊണ്ടാണ് ഗോമതി കുടുംബം പോറ്റിയിരുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങള്‍ കാരണം രാമകൃഷ്ണന്‍നാടാര്‍ കിടപ്പിലാണ്. ഇവരുടെ ദുരിതജീവിതം തേജസിലൂടെ പുറംലോകമറിഞ്ഞതോടെ പനവൂര്‍ മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും ഇവരുടെ അയല്‍വാസിയുമായ ഹസന്റെ പരാതിയിന്മേല്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ് ഗോമതിയെയും സഹോദരങ്ങളെയും പരിചരിക്കാന്‍ 300 രൂപ ദിവസക്കൂലിയില്‍ ഒരാളെ നിയമിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലടക്കം വിവിധ ഓഫിസുകളില്‍ സഹായത്തിനായി ഗോമതി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ 11ഓടെ ഗോമതിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തങ്ങള്‍ക്കു നഷ്ടമായതിന്റെ വ്യാപ്തിയോ ആഴമോ അറിയാത്ത നാലുപേരും ഒറ്റമുറിയില്‍ ഒരു പായയില്‍ സന്ദര്‍ശകരേയും നോക്കി നിഷ്‌കളങ്കമായി ചിരിക്കുകയാണ്. കരുണ വറ്റിയിട്ടില്ലാത്തവര്‍ ഇവരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.
Next Story

RELATED STORIES

Share it