Middlepiece

ദുരിതക്കടലില്‍ മുങ്ങുന്ന കര്‍ഷകര്‍



ഡോ.  മുഹമ്മദ്  മന്‍സൂര്‍  ആലം

ജൂണ്‍ 6ന് മധ്യപ്രദേശിലെ മന്‍സോറിലെ രണ്ടിടങ്ങളിലായുണ്ടായ പോലിസ് വെടിവയ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ വിളകള്‍ക്ക് ന്യായമായ വില നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകര്‍ക്കു നേരെ പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു. അയല്‍സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിന്റെ തുടര്‍ച്ചയായിട്ടാണ് മധ്യപ്രദേശിലും കര്‍ഷകര്‍ സമരം നടത്തുന്നത്. സര്‍ക്കാരിന്റെ അവഗണനയില്‍ രോഷാകുലരായ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വിറ്റഴിക്കപ്പെടാത്ത ടണ്‍കണക്കിന് പച്ചക്കറികളും പഴങ്ങളും ഹൈവേയില്‍ തള്ളുകയും ടാങ്കര്‍ലോറിയില്‍ പാല്‍ കൊണ്ടുവന്ന് റോഡില്‍ ഒഴിക്കുകയും ചെയ്തിരുന്നു.നഷ്ടം സഹിച്ച് പഴങ്ങളും പച്ചക്കറിയും ഉള്‍പ്പെടെയുള്ള തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ തയ്യാറില്ല. കൃഷി ലാഭകരമല്ലാത്തതിനാല്‍ കാര്‍ഷിക വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാമെന്നത് മിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുമ്പോട്ടുവച്ച അജണ്ടയായിരുന്നു. എന്നാല്‍, പല സംസ്ഥാനങ്ങളും ഇനിയും അതു പാലിക്കേണ്ടതുണ്ട്. ഇക്കാര്യം എഴുതിക്കൊണ്ടിരിക്കെയാണ് പോലിസ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കര്‍ഷകന്‍ കൂടി അന്ത്യശ്വാസം വലിച്ചത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ ആറായി. ഒരു വലിയ മഞ്ഞുമലയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഈ സംഭവം. പ്രശ്‌നങ്ങളുടെ ബാക്കി ഭാഗം പലര്‍ക്കും അദൃശ്യമാണ്. കാരണം, വലിയൊരു വിഭാഗം മാധ്യമങ്ങളും നിസ്സാരമായ മറ്റു കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് തെളിവാണ് ആത്മഹത്യകള്‍. എന്നാല്‍, വര്‍ഷംതോറും അവ കുത്തനെ വര്‍ധിച്ചുവരുന്നു. കൃഷി ചെയ്യാനാവശ്യമായ വസ്തുക്കളുടെ ചെലവ് (വളങ്ങള്‍, ജലസേചനം, കീടനാശിനികള്‍, തൊഴിലാളികളുടെ കൂലി) വര്‍ധിക്കുന്നു. അതോടൊപ്പം കൃഷി ചെയ്യാനാവശ്യമായ ട്രാക്ടറുകള്‍, കൊയ്ത്തുയന്ത്രങ്ങള്‍, മെതിയന്ത്രങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള ചെലവിനൊപ്പം അവയുടെ അറ്റകുറ്റപ്പണികള്‍ക്കും യന്ത്രഭാഗങ്ങള്‍ മാറ്റിവയ്ക്കുന്നതിനും ഇന്ധനത്തിനുമുള്ള ചെലവും വേറെ. സ്ഥിരനിരക്കിലുള്ള പലിശയുടെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പയാണ് കര്‍ഷകര്‍ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. കാര്‍ഷികമേഖല വളരെ ദുര്‍ബലമായതിനാല്‍ വിളനാശം (പല കാരണങ്ങള്‍കൊണ്ട്) എന്നത് സാധാരണമായിരിക്കുന്നു. ഇത്തരത്തിലുള്ള ഒന്നോ രണ്ടോ പരാജയങ്ങള്‍ മതി ഒരു കര്‍ഷകനെ കടം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യയുടെ വക്കിലെത്തിക്കാന്‍. അവരുടെ സ്വത്തുക്കള്‍ ബാങ്കുകള്‍ കണ്ടുകെട്ടുന്നു. മരിക്കുകയല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗമില്ലാതെയാവുന്നു. സാധാരണക്കാരുടെ ചുമലില്‍ നിന്നു കഴുത്തറുപ്പന്‍ പലിശയുടെ ഭാരം എടുത്തുകളയുന്നതിന് പലിശരഹിത സമ്പദ്‌വ്യവസ്ഥയ്ക്കു സാധ്യമായേക്കും. പലിശരഹിത മാതൃകകള്‍ നമ്മള്‍ സ്ഥിരമായി പഠനവിധേയമാക്കാറുണ്ട്. ഈ വിഷയത്തില്‍ രാജ്യത്തുടനീളം മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരെയും സാമ്പത്തിക വിദഗ്ധരെയും വ്യവസായികളെയും പങ്കെടുപ്പിച്ചുകൊണ്ട് എണ്ണമറ്റ ദേശീയ, രാജ്യാന്തര സെമിനാറുകളും ചര്‍ച്ചകളും നമ്മള്‍ സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ ധാരാളംപേര്‍ ബാങ്കിങ് മേഖലയിലെ ഈ ബദല്‍ മാര്‍ഗം സാവധാനം അവതരിപ്പിക്കുന്നതിനോട് യോജിക്കുന്നവരാണ്. ഇതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ആര്‍ബിഐ മുന്‍ ചെയര്‍മാന്‍ രഘുറാം രാജന്‍. നിസ്സാര വിഷയങ്ങള്‍ ഏറ്റെടുത്തുള്ള മാധ്യമങ്ങളുടെ കൗതുകംമൂലം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയുടെ വേദനാജനകമായ വശം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നു. കാര്‍ഷിക ഉപകരണങ്ങളുടെയും മറ്റും വില കുത്തനെ കൂടുന്നതിന് ആനുപാതികമായി കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല. ഇപ്പോള്‍ അലയടിക്കുന്ന, മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കര്‍ഷകര്‍ക്കു നേരെയുള്ള പോലിസ് ആക്രമണങ്ങളില്‍ കൊണ്ടെത്തിച്ച കര്‍ഷകസമരത്തിന്റെ അടിസ്ഥാനം ഇതാണ്.ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം 1995 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 3,18,528 കര്‍ഷകരാണ്. ഓരോ അരമണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നു സാരം. ഗൗരവമേറിയ ഈ പ്രശ്‌നം നേരിടുന്നതിന് ഉചിതമായ നയം രൂപീകരിക്കാന്‍ മാര്‍ച്ച് 27ന് സുപ്രിംകോടതിയില്‍ ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2022ഓടെ കര്‍ഷകരുടെ വരുമാനത്തിലുള്ള വര്‍ധന ഇരട്ടിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതിനായി കാര്‍ഷികമേഖലയിലെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 14 ശതമാനമായി വര്‍ധിക്കേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ 2015-16 കാലയളവില്‍ കാര്‍ഷികമേഖലയിലെ വളര്‍ച്ചാനിരക്ക് 1.2 ശതമാനം മാത്രമാണ്. രാജ്യം നേരിടുന്ന ഗൗരവമേറിയ ഒരു വെല്ലുവിളിയാണിത്. പശു, ലൗ ജിഹാദ്, ഘര്‍വാപസി തുടങ്ങിയ വിഭാഗീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രഭരണകൂടം അതിന്റെ ശ്രദ്ധയും ശ്രമവും ദൃഷ്ടിയും ഗൗരവമേറിയ ഈ വിഷയത്തിലേക്കു കൊണ്ടുവരേണ്ടതുണ്ട്. എത്രയും വേഗമാണോ, അത്രയും നല്ലത്.
Next Story

RELATED STORIES

Share it