Kollam Local

ദുരിതം വിതച്ച് മഴ: ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കൊല്ലം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴയിലും കാറ്റിലും ജില്ലയില്‍ പല ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു.—കുളത്തൂപ്പുഴ കൂവക്കാട്ട് ആര്‍പിഎല്‍ ജീവനക്കാരന്‍ വിഷ്ണു(40) ആണ് മരണമടഞ്ഞത്. എല്ലാ വില്ലേജ് ഓഫിസുകളും പഞ്ചായത്ത് ഓഫിസുകളും രാത്രിയിലും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ പരിശീലനം സിദ്ധിച്ച മെഡിക്കല്‍ സംഘത്തിന്റെ സേവനം രാത്രി ലഭ്യമാക്കി. ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്—കൂളുകള്‍ ഉള്‍പ്പടെ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ട കേന്ദ്രങ്ങളുടെ താക്കോലുകള്‍ വില്ലേജ് ഓഫിസര്‍മാരുടെ കൈവശം സൂക്ഷിച്ചിട്ടുണ്ട്. ക്യാംപുകളില്‍ ആവശ്യം വരുന്ന ഭക്ഷ്യധാന്യങ്ങളും മറ്റും ജില്ലാ സപ്ലൈ ഓഫിസര്‍ താലൂക്കുകളില്‍ ലഭ്യമാക്കും. മലയോര മേഖലയില്‍ രാത്രികാലങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കായല്‍, കടല്‍ മല്‍സ്യബന്ധനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് താലൂക്കുകളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പെടുത്തി. ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനും കലക്ടര്‍ നിര്‍ദ്ദേശം.
Next Story

RELATED STORIES

Share it