malappuram local

ദുരിതം വിതച്ച് ജില്ലയ്്ക്ക് വെല്ലുവിളിയായി രോഗങ്ങളും

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഭീതിവിതച്ച ജില്ലയെ കാത്തിരിക്കുന്നത് ഇനി ആരോഗ്യ ഭീഷണി. വെള്ളമുയര്‍ന്ന പ്രദേശങ്ങളും മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളും മഴ വിട്ടുനിന്ന രണ്ടു രാപകലുകള്‍കൊണ്ട് സാധാരണ നിലയിലേയ്‌ക്കെത്തിത്തുടങ്ങിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പതിന്‍മടങ്ങ് വര്‍ധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ശുദ്ധജലാശയങ്ങളെല്ലാം മലിനമായതും മഴവെള്ളം പലയിടങ്ങളിലായി ഇപ്പോഴും കെട്ടിക്കിടക്കുന്നതുമാണ് പ്രധാന വെല്ലുവിളി. കിണറുകളടക്കം ശുദ്ധജല സ്രോതസുകളെല്ലാം മാലിന്യങ്ങളടിഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇവയിലെ വെള്ളം ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധിയാവും സൃഷ്ടിക്കുക. കുടിവെള്ളം മലിനമാവുന്നത് സാംക്രമിക രോഗങ്ങള്‍ പരക്കാനിടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ദുരിതം വിതച്ച 14ന് 56 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ഒന്‍പതുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പെരുന്നാള്‍ ദിവസം ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 20 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടി. ഇന്നലെ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 10 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ജില്ലയില്‍ രണ്ട് ഡെങ്കി മരണങ്ങളും റിപോര്‍ട്ടു ചെയ്തു. 28 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സയിലാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഡെങ്കിപ്പനിക്കൊപ്പം അതിസാരവും വൈറല്‍പനിയും വ്യാപകമായുണ്ട്. 14ന് 1339 പേര്‍ വൈറല്‍പനി ബാധിച്ചു ജില്ലയിലെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ചികില്‍സ തേടി. പെരുന്നാള്‍ ദിനത്തില്‍ ഇത് 276 ആയി കുറഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം 1221 ലേയ്ക്കുയര്‍ന്നു. അതിസാരം ബാധിച്ച് 472 പേരാണ് ചികില്‍സ തേടിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിതെന്നിരിക്കെ രോഗതീവ്രത ഇതിലുമധികമാണ്. മഴവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ കൊതുകു സാന്ദ്രത വര്‍ധിപ്പിക്കാനിടയാക്കും. ഇതുതടയാന്‍ പരിസര ശുചീകരണത്തിന് ജനങ്ങള്‍ നേരിട്ടുമുന്നിട്ടിറങ്ങണമെന്ന നിര്‍ദേശം ആരോഗ്യ വകുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പ്രതിരോധ പ്രവര്‍ത്തനം നഗര മേഖലകളില്‍ ഫലവത്താവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Next Story

RELATED STORIES

Share it