kozhikode local

ദുരിതം പേറുന്ന കുടുംബത്തിന് ഇരുട്ടടിയായി ജപ്തി നോട്ടീസ്

മുക്കം: ഉരുള്‍പൊട്ടലില്‍ കിടപ്പാടവും, മകളും നഷ്ടപ്പെട്ട് ദുരിതത്തില്‍ നീറി കഴിയുന്ന കുടുംബത്തിന് സഹകരണ ബേങ്കിന്റെ ജപ്തി ഭീഷണി. ആനക്കാംപൊയില്‍ മാവാതുക്കലില്‍ 2012 ആഗസ്തിലുണ്ടായ ഉരുള്‍പൊട്ടലില്‍  മരണമടഞ്ഞ പതിനൊന്നുകാരി പടന്നമാക്കല്‍ ജോത്സനയുടെ പിതാവ് ബിനുവിനും,  കുടുംബത്തിനുമാണ്  ഈ ദുര്‍ഗതി. താമരശ്ശേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കാണ്  ജപ്തി നോട്ടീസയച്ചത്. ദുരന്തമുണ്ടായപ്പോള്‍ ഈ കുടുംബത്തിന്  50,000 രൂപയുടെ ലോണ്‍ ഈ ബാങ്കിലുണ്ടായിരുന്നു. ഇത്  ഇന്ന് 12 ശതമാനം പലിശയും കൂട്ടുപലിശയുമുള്‍പ്പെടെ ഒന്നര ലക്ഷത്തിലധികം രൂപയായിട്ടുണ്ടെന്നും ഈ തുക ഉടന്‍ അടച്ചു തീര്‍ക്കാത്ത പക്ഷം പണയമായി നല്കിയിട്ടുള്ള മുഴുവന്‍ വസ്തുവകകളും പരസ്യമായി ലേലം ചെയ്യുമെന്ന കര്‍ശനമായ മുന്നറിയിപ്പാണ് ബാങ്ക് നല്കിയത്. ഇത് സംബന്ധിച്ച് നാല് കത്തുകള്‍ തുടര്‍ച്ചയായി കുടുംബത്തിന് ബാങ്കില്‍ നിന്ന്  ലഭിച്ചു. ബാങ്കില്‍ പണയമായി നല്‍കിയ സ്ഥലത്തിന്റെ ആധാരത്തിന്റെ കോപ്പിയോ, ആധാരം നമ്പറോ ആധാരം കംപ്യൂട്ടറുമായി ലിങ്ക് ചെയ്യേണ്ട ആവശ്യത്തിലേക്ക് ചോദിച്ചിട്ടു പോലും നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്നും വീട്ടുകാര്‍ പറയുന്നു. ഉരുള്‍പൊട്ടലില്‍ ഇവരുടെ സ്ഥലത്തിന്റെയും വീടിന്റെയും ഒരു ഭാഗം ഒലിച്ചുപോയിരുന്നു. ഇതില്‍ അവശേഷിച്ച സ്ഥലമാണ് ബാങ്ക് ജപ്തി ചെയ്യാനൊരുങ്ങുന്നത്.  ഉരുള്‍പൊട്ടലില്‍ ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗമായിരുന്ന പശുവും അതിന്റെ തൊഴുത്തും നശിച്ചിരുന്നു. സര്‍ക്കാര്‍ വാഗ്ദാനപ്രകാരം വീടിന് വേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായ നീണ്ടു പോയതോടെ താമരശ്ശേരി രൂപത സ്ഥലം വാങ്ങി വീട് നിര്‍മിച്ച്്്  നല്‍കുകയായിരുന്നു. ഈ വീട്ടിലാണ് ഇപ്പോള്‍ ബിനുവും, ഭാര്യയും, അമ്മയും പ്ലസ്ടു വിനും പ്ലസ്‌വണിനും 6-ലുമായി പഠിക്കുന്ന മൂന്ന് മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ബിനുകൂലി പണിക്ക് പോകുന്നതു കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സുഖമില്ലാത്തത് മൂലം ജോലിക്ക് പോകാന്‍ കഴിയുന്നില്ല.  മലയോര മേഖലയില്‍ സമീപകാലത്ത് ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു ഈ മേഖലയില്‍ 2012-ല്‍ സംഭവിച്ചത്. ‘ഒരു കുടുബത്തിലെ അഞ്ച് അംഗങ്ങള്‍ അടക്കം 8 പേര്‍ മരണമടഞ്ഞു. ഏക്കര്‍ കണക്കിന് ഭൂമി ഒഴുകിപ്പോയി, കാര്‍ഷിക മേഖലയില്‍  കോടികളായിരുന്നു നഷ്ടം. 24 വീടുകള്‍ പൂര്‍ണ്ണമായും നിരവധി വീടുകള്‍ ഭാഗികമായും നശിച്ചു. ദുരന്തം കഴിഞ്ഞ് അഞ്ചര വര്‍ഷം പിന്നിടുമ്പോഴും പ്രതിസന്ധിയിലായ ദുരിതബാധിതര്‍ ഇന്നും വിഷമത്തില്‍ തന്നെയാണ്. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞ ജോത്സനയുടെ കുടുംബത്തിന് വീട് നല്കുമെന്നും, കുടുംബത്തില്‍ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്കുമെന്നും അധികൃതര്‍ നല്‍കിയ വാഗ്ദാനവും ഇതുവരെ  പാലിക്കപ്പെട്ടില്ല. ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഈ കുടുംബത്തിന് അന്ന് ഭരണാധികാരികള്‍ ഉറപ്പ് നല്‍്കിയിരുന്നു. ഇതനു സരിച്ച് ജോത്സനയുടെ അമ്മക്ക് കെഎസ്എഫ്ഇ തിരുവമ്പാടി ബ്രാഞ്ചില്‍ പ്യൂണ്‍ ജോലി നല്‍കിയിരുന്നെങ്കിലും ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ജോലി നല്‍കാന്‍ കഴിയില്ല എന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാരിന് നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ പൊതു പ്രവര്‍ത്തകര്‍  നിര്‍ദ്ദേശിച്ചതനുസരിച്ച് അപേക്ഷ നല്‍കേണ്ടതിന് ഇത്രയും കാലം ജോലി ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ബന്ധപ്പെട്ടവര്‍ നല്‍കിയില്ല.
Next Story

RELATED STORIES

Share it