Idukki local

ദുരിതം പേറി പെരിഞ്ചാംകുട്ടിയിലെ ആദിവാസി കുടുംബങ്ങള്‍



പെരിഞ്ചാംകുട്ടി: ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ ദാരിദ്ര്യത്തിനും രോഗങ്ങള്‍ക്കും നടുവില്‍ പെരിഞ്ചാംകുട്ടി വനത്തിനുള്ളിലെ 18 ആദിവാസി കുടുംബങ്ങള്‍. ചിന്നക്കനാല്‍ മുന്നൂറ്റിയൊന്നു കോളനിയില്‍ നിന്നും കാട്ടാന ശല്യംമൂലം പൊറുതിമുട്ടി 2009 ല്‍ പെരിഞ്ചാംകുട്ടി വനത്തില്‍ അഭയം തേടിയവരാണിവര്‍. എട്ടു വര്‍ഷം പിന്നിടുമ്പോഴും ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ, വാസയോഗ്യമായ വീടോ, വൈദ്യുതിയൊ, ഗതാഗത സൗകര്യമൊ ഇല്ല. ചിന്നക്കനാലില്‍ നിന്നു വന്ന ഇവരെ വനപാലകര്‍ ഒഴിപ്പിച്ചിരുന്നില്ല. ഇവരുടെ കൈവശം 2003 ല്‍ ചിന്നക്കനാലിലെ ഭൂമിക്കു ലഭിച്ച പട്ടയവും ഉണ്ട്. കാട്ടാനകളുടെ വിളയാട്ട ഭൂമിയില്‍ ആറു വര്‍ഷം താമസിച്ച ശേഷം അവിടെ നിന്ന് പ്രാണരക്ഷാര്‍ത്ഥമാണ് പെരിഞ്ചാംകുട്ടി വനത്തിലെത്തിയത്. എട്ടുവര്‍ഷം മുമ്പ് കാട്ടുകമ്പുകള്‍ കൊണ്ട് നിര്‍മിച്ച ഇവരുടെ കുടിലുകള്‍ മിക്കതും ഇടിഞ്ഞു വീഴാറായി. സമീപ പ്രദേശങ്ങളില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഇവര്‍ക്ക് യാതൊരുവിധ സര്‍ക്കാര്‍ സഹായങ്ങളുമില്ല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ട്രൈബല്‍ ഡിപാര്‍ട്ട്‌മെന്റ് നല്കുന്ന അരികൊണ്ട് ഒരു മാസം പോലും ഇവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. രോഗം ബാധിച്ച പലരും മറ്റൊരു തൊഴിലിനും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. പെരിഞ്ചാംകുട്ടി വനത്തിനുള്ളില്‍, കുടിയിറക്കപ്പെട്ട 161 കുടുംബങ്ങള്‍ക്ക് വീണ്ടും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ എട്ടുവര്‍ഷത്തിലേറെയായി ഇവിടെ കഴിയുന്ന കുടുംബങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. ചിന്നക്കനാലിലെ ഒരേക്കര്‍ ഭൂമിക്കു പകരം പെരിഞ്ചാം കുട്ടിയില്‍ ഒരേക്കര്‍ സ്ഥലം അളന്നു തിരിച്ചു നല്‍കിയാല്‍ ഇനി കുടിയൊഴിപ്പിക്കപ്പെടില്ലെന്ന ഉറപ്പോടെ ഇവര്‍ക്കു കൃഷി ചെയ്യാന്‍ കഴിയും. തങ്ങള്‍ക്കു റേഷന്‍ കാര്‍ഡെങ്കിലും ഉണ്ടായാല്‍ പട്ടിണിയില്ലാതെ ജീവിക്കാന്‍ കഴിഞ്ഞേനെയെന്ന കാത്തിരിപ്പിലാണിവര്‍. വനപാലകരുടെ മൗനാനുവാദത്തോടെ എട്ടു വര്‍ഷമായി വിശാലമായ പെരിഞ്ചാംകുട്ടി പ്ലാന്റേഷന്റെ വിവിധ ഇടങ്ങളിലായി ഒറ്റപ്പെട്ടു കഴിയുകയാണ് ഈ ആദിവാസി കുടുംബങ്ങള്‍.
Next Story

RELATED STORIES

Share it