Flash News

ദുരഭിമാനക്കൊല: മുഖ്യപ്രതികള്‍ കീഴടങ്ങി ; പിടിയിലായവരുടെ എണ്ണം ആറായി

കോട്ടയം/ കണ്ണൂര്‍: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ കോട്ടയം എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ ജോസഫ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് കൊല്ലം തെന്‍മല ഒറ്റയ്ക്കല്‍ ഷാനു ഭവനില്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരാണ് ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ ഇരിട്ടി കരിക്കോട്ടക്കരി പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് രാത്രിയോടെ കോട്ടയത്ത് എത്തിച്ചു. ഇവരെ പോലിസ് ക്ലബ്ബിലെത്തിച്ച് ചോദ്യംചെയ്യുമെന്നാണ് വിവരം. രാത്രിയോടെ കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് കാര്‍ ഓടിച്ചിരുന്ന മനുവാണ് തെന്‍മലയില്‍ അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവും നീനുവിന്റെ ബന്ധുവുമായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയുള്ള റിപോര്‍ട്ട് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്നു പരിഗണിക്കും.  കേസിലാകെ 14 പ്രതികളാണുള്ളത്.
അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന പുനലൂര്‍, ഭരണിക്കാവ് സ്വദേശികളായ ഷിനു, വിഷ്ണു, ഷഫിന്‍, ടിന്റോ ജറോം, ഫസല്‍, ഷരീഫ്, റെനീസ്, സലാദ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കീഴടങ്ങിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ കേസില്‍ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്.
കെവിന്റെ മരണം മാതാപിതാക്കളുടെ അറിവോടെയാണെന്നു നീനു വെളിപ്പെടുത്തിയിരുന്നു. പോലിസ് വലവിരിച്ചതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി നീനുവിന്റെ പിതാവും സഹോദരനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടെ, നീനുവിന്റെ മാതാപിതാക്കളെ തേടി പോലിസ് പിറവന്തൂരിലുമെത്തി. ഇവര്‍ ബന്ധുവീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ചാക്കോയുടെ ബന്ധുവിന്റെ വീടാണിത്. ഒറ്റക്കലിലെ വീട്ടിലെത്തി പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. അതിനിടെയാണ് ഇവര്‍ കണ്ണൂരില്‍ നിന്നു പിടിയിലായത്. നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്‌നയും കേസില്‍ പ്രതികളാവുമെന്നു പോലിസ് ഇന്നലെ രാവിലെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it