ദുരഭിമാനക്കൊല: പ്രധാന പ്രതികളെ നാല് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളെ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി നാല് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ കൊല്ലം തെന്മല ഒറ്റക്കല്‍ ഷാനു ഭവനില്‍ ഷാനു ചാക്കോ (26), അഞ്ചാം പ്രതി ഷാനു ഭവനില്‍ ചാക്കോ ജോണ്‍(50), പുനലൂര്‍ തെങ്ങുംതറ പുത്തന്‍വീട്ടില്‍ മനു മുരളീധരന്‍(26) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
തിങ്കളാഴ്ച വൈകീട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കണം. ഇന്നലെ രാവിലെ 11 ഓടെയാണ് മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഏഴ് ദിവസമാണ് പ്രതികളെ കസ്റ്റഡിയില്‍ പോലിസ് ആവശ്യപ്പെട്ടത്. അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നാല് ദിവസമാണ് കോടതി ഇവരെ വിട്ടുകൊടുത്തത്. ഒമ്പതുപേരാണ് നിലവില്‍ പോലിസ് കസ്റ്റഡിയിലുള്ളത്. കൊല്ലം പത്തനാപുരം ഇടമണ്‍ 34 തേക്കില്‍കൂപ്പ് നിഷാന മന്‍സിലില്‍ നിയാസ് മോന്‍ (ചിന്നു 23), റിയാസ് മന്‍സിലില്‍ ഇബ്രാഹിം റിയാസ് (26), താഴത്തുവീട്ടില്‍ ഇഷാന്‍ (20) എന്നിവരെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പുനലൂര്‍ ചാലുപറമ്പില്‍ നിഷാദ്(24), മരുതമണ്‍ ഷെബിന്‍(27), പുനലൂര്‍ ഇളമ്പലില്‍ ടിറ്റോ ജെറോം(23) എന്നിവരാണ് ബാക്കിയുള്ളവര്‍. കസ്റ്റഡിയിലുള്ള എല്ലാ പ്രതികളെയും ഒരുമിച്ചിരുത്തി ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ദിവസം ചോദ്യം ചെയ്യും. ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്യും. തുടര്‍ന്ന് ഇവരെ തെളിവെടുപ്പിനായി തെന്മല, മാന്നാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോവും.
Next Story

RELATED STORIES

Share it