Flash News

ദുരഭിമാനക്കൊല: കോട്ടയം മുന്‍ എസ്പിക്കെതിരേ ഗുരുതര ആരോപണവുമായി എഎസ്‌ഐ

ദുരഭിമാനക്കൊല: കോട്ടയം മുന്‍ എസ്പിക്കെതിരേ ഗുരുതര ആരോപണവുമായി എഎസ്‌ഐ
X


കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ കോട്ടയം മുന്‍ എസ്പി വി എം മുഹമ്മദ് റഫീഖിനെതിരേ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു രംഗത്ത്. കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ അമ്മ രഹ്്‌നയുടെ ഉറ്റബന്ധുവാണ് കോട്ടയം മുന്‍ എസ്പിയെന്നാണ് എഎസ്‌ഐയുടെ ആരോപണം. ഏറ്റുമാനൂര്‍ കോടതിയില്‍ എഎസ്‌ഐയുടെ അഭിഭാഷകനാണ് മുന്‍ എസ്പിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമുന്നയിച്ചത്.
കോട്ടയം മാന്നാനത്തെ വീട്ടില്‍നിന്നും കെവിനെ കാണാതായ സംഭവത്തില്‍ കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍ എസ്പിക്കെതിരേ വകുപ്പുതല അന്വേഷണം നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് റഫീഖിനെതിരേ ആരോപണവുമായി എഎസ്‌ഐ രംഗത്തെത്തിയത്. കെവിന്‍ മരിച്ച സമയത്ത് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവാണ്. നീനുവിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ. അതുകൊണ്ടുതന്നെ എസ്പിക്കു കേസില്‍ നേരിട്ടുബന്ധമുണ്ടായിരിക്കാമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്‌ഐ ബിജുവിനെ പോലിസ് അറസ്റ്റുചെയ്തത്. പോലിസ് ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കെതിരേ ഭീഷണിപ്പെടുത്തി കൈക്കൂലിവാങ്ങിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
എന്നാല്‍, കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണ് ബിജുവിന്റെ പരാതി. ഇതെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വൈകുന്നേരത്തേയ്ക്ക് മാറ്റി. വൈകുന്നേരം കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ വാദം കേട്ടശേഷം വിധി പറയുന്നതിനായി ശനിയാഴ്ചത്തേയ്ക്ക് മാറ്റി. അതേസമയം, എഎസ്‌ഐ ബിജുവിനെയും പോലിസ് ഡ്രൈവര്‍ അജയകുമാറിനെയും വധക്കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. വധക്കേസില്‍ പ്രതിചേര്‍ത്താല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. തട്ടിക്കൊണ്ടുപോവാന്‍ വന്നവര്‍ക്ക് ഒരു സഹായവും ചെയ്തുകൊടുത്തില്ലെന്നാണ് അജയകുമാറിന്റെയും ബിജുവിന്റെയും മൊഴി. അതിനിടെ, എഎസ്‌ഐയുടെ ആരോപണം നിഷേധിച്ച് മുന്‍ എസ്പി രംഗത്തെത്തി. കെവിന്‍ കൊലക്കേസിലെ പ്രതി ഷാനുവും കുടുംബവും തന്റെ ബന്ധുക്കളല്ല. കൊല്ലം ജില്ലയില്‍ത്തന്നെ തനിക്കോ തന്റെ ഭാര്യയ്‌ക്കോ ബന്ധുക്കളില്ല. കോടതിയില്‍ കേസ് ജയിക്കാന്‍ അഭിഭാഷകര്‍ അങ്ങനെയൊക്കെ പറയുന്നതാണ്. അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. വ്യക്തിപരമായി ആരോപണമുന്നയിക്കുന്നത് ദുഃഖകരമാണ്. വ്യാജ ആരോപണം ഉന്നയിച്ച അഭിഭാഷകനും കക്ഷികള്‍ക്കുമെതിരേ സിവില്‍, ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് അന്വേഷണവും നേരിടാനും ശിക്ഷ വാങ്ങാനും ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it