Flash News

ദുരഭിമാനക്കൊല: കേസില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നു- നീനു

കോട്ടയം: കെവിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് കേസില്‍നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് തനിക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതെന്ന് ഭാര്യ നീനു. തനിക്ക് മാനസികപ്രശ്‌നങ്ങളൊന്നുമില്ല. തന്നെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലും ചികില്‍സയ്ക്ക് കൊണ്ടുപോയിട്ടില്ല. അത് തന്റെ കൂട്ടുകാരോട് ആരോട് ചോദിച്ചാലും വ്യക്തമാവും. മുമ്പ് വീട്ടിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരുതവണ കൗണ്‍സലിങിന് കൊണ്ടുപോയിട്ടുണ്ട്. അന്ന് വീട്ടിലെ അവസ്ഥകള്‍ പറഞ്ഞപ്പോള്‍ മോള്‍ക്കല്ല, മാതാപിതാക്കള്‍ക്കാണ് കൗണ്‍സലിങ് വേണ്ടതെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് നീനു വിശദീകരിച്ചു.
നീനുവിന് മാനസികപ്രശ്‌നമുണ്ടെന്നും തുടര്‍ചികില്‍സയ്ക്കായി കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്നുമാവശ്യപ്പെട്ട് പിതാവ് ചാക്കോ ഏറ്റുമാനൂര്‍ കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു നീനു. സ്വന്തം വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമായ മര്‍ദനവും മാനസികപീഡനവുമാണ് നേരിടേണ്ടിവന്നത്.
മാതാപിതാക്കള്‍ ഇതിനു മുമ്പും തന്നെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അമ്മ വച്ച ടിവി ഓഫ് ചെയ്തതിന്റെ പേരില്‍ അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദിച്ചതിന് അയല്‍വാസികള്‍ സാക്ഷിയാണ്. നാട്ടുകാര്‍ കണ്ടപ്പോള്‍ മുടിക്ക് കുത്തിപ്പിടിച്ച് വീട്ടിനകത്തുകൊണ്ടുപോയി വിറകുകമ്പുകൊണ്ടും മര്‍ദിച്ചു. തന്നോട് സ്‌നേഹാഭ്യര്‍ഥനയുമായി വന്ന ഒരാളെ അമ്മ മുമ്പ് മര്‍ദിച്ചിട്ടുണ്ട്.
ട്യൂട്ടോറിയലില്‍ വന്ന് ഒരു പയ്യനെ അമ്മ ചീത്തവിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്തിട്ടുണ്ട്. തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് എന്തുസംഭവിച്ചാലും തിരിച്ചുപോവില്ല. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം താന്‍ സ്വീകരിക്കില്ല. കെവിന്റെ അച്ഛനും അമ്മയും തന്നോട് ഇവിടുന്ന് പോവാന്‍ പറയുന്നതുവരെ താന്‍ ഈ വീട്ടില്‍ത്തന്നെ തുടരും. എന്നാല്‍, അവരൊരിക്കലും അങ്ങനെ പറയില്ലെന്ന് തനിക്കറിയാം. കെവിന്റെ വീട്ടിലെ താമസമില്ലാതാക്കാനാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍. കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ടെന്നും നീനു കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസിലെ പ്രതികളെയെല്ലാം പ്രധാന സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നേരിട്ട് ഇടപെട്ട 13 പേരെയാണ് തിരിച്ചറിഞ്ഞത്. കേസില്‍ അറസ്റ്റിലായ 14 പേരില്‍ ചാക്കോ ഒഴികെ 13 പേരെയാണ് മുഖ്യസാക്ഷി അനീഷിന് മുന്നില്‍ തിരിച്ചറിയാനായി എത്തിച്ചത്. കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് അന്വേഷണസംഘം. തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച ആയുധങ്ങളും അനീഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ, പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പുനലൂരില്‍നിന്ന് കണ്ടെത്തി. നിയാസ്, റിയാസ്, ഷെഫിന്‍ എന്നിവരുടെ പുനലൂരിലെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്.
Next Story

RELATED STORIES

Share it