ernakulam local

ദുരന്ത ആഘാത ലഘൂകരണ രംഗത്ത് ശക്തമായ ബോധവല്‍ക്കരണത്തിന് സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരണമെന്ന്



പറവൂര്‍: ദുരന്തആഘാത ലഘൂകരണരംഗത്ത് ശക്തമായ ബോധവല്‍ക്കരണത്തിന് സന്നദ്ധസംഘടനകള്‍ മുന്നോട്ട് വരണമെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരന്താഘാത ലഘൂകരണ സമിതി ചെയര്‍മാന്‍ മുരളി തുമ്മാരുകുടി. പറവൂരില്‍ ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്‌ഫോര്‍എച്ച് വാളണ്ടിയര്‍മാരുടെ വാര്‍ഷിക കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കെടാമംഗലം സ്‌കൂളില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് വികസിത രാജ്യങ്ങളോടൊപ്പം ദുരന്തങ്ങളെ നേരിടുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആഘാതം ലഘൂകരിക്കാനും ഇന്ത്യ ബഹുദൂരം മുന്നേറിയിട്ടുണ്ട്. ജില്ലാതലങ്ങളില്‍ വരെ അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പെടുത്തിവരുന്നുണ്ട്. എന്നാല്‍ താഴെ തട്ടിലേക്ക് ഇതുസംബന്ധിച്ച് വേണ്ടത്ര അവബോധം എത്തിയിട്ടില്ല. ഒരു ദുരന്തമുണ്ടായാല്‍ പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സര്‍ക്കാരോ പോലിസോ പട്ടാളമോ ഒന്നുമല്ല അയല്‍വാസികളാണ്. പരമാവധി പേരിലേക്ക് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും എത്തിയാല്‍ മാത്രമേ ദുരന്തത്തിന്റെ ആഘാതങ്ങളെ ലഘൂകരിക്കാന്‍ കഴിയൂവെന്ന് തുമ്മാരുകുടി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയ്‌ക്കോ ഭരണകൂടങ്ങള്‍ക്ക് മാത്രമോ ഇത് പരിഹരിക്കാനാകില്ല. കൂടുതല്‍ സന്നദ്ധസംഘടനകള്‍ ഈ രംഗത്തേക്കു കടന്നുവന്നാല്‍ മാത്രമേ ഇത് പ്രയോജനം ചെയ്യൂ. റോഡപകടങ്ങളോടൊപ്പം മുങ്ങിമരണവും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ജലസുരക്ഷാ ബോധം നല്‍കുന്നതിലൂടെ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമില്ലാത്തവര്‍ മാറിനില്‍ക്കണം. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് വിവാദത്തിനില്ല എന്നുപറഞ്ഞ് മറുപടി പറയാതെ മുരളി ഒഴിഞ്ഞുമാറി. എച്ച്‌ഫോര്‍എച്ച് ചെയര്‍മാന്‍ ഡോ. മനു പി വിശ്വം, ഡോ. കെ ജി ജയന്‍, ജോസഫ് പടയാട്ടി, സുനില്‍കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it