thrissur local

ദുരന്തമുഖത്ത് സ്‌നേഹസാന്ത്വനവുമായി എഡിജിപി സന്ധ്യ ഐപിഎസ്

വടക്കാഞ്ചേരി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 19 പേര്‍ മരിക്കുകയും അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും തകരുകയും ചെയ്ത കുറാഞ്ചേരിയില്‍ സ്‌നേഹ സാന്ത്വനവുമായി എഡിജിപി ബി സന്ധ്യ ഐപിഎസിന്റെ സന്ദര്‍ശനം. പോലിസ് ഓഫീസര്‍മാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും വിശദാംശങ്ങള്‍ ചോദിച്ച് മനസിലാക്കിയ എഡിജിപി ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട പാറേക്കാട്ടില്‍ സജി താമസിയ്ക്കുന്ന വീട്ടിലും കുഞ്ഞുകുളങ്ങര തങ്ക, കൊല്ലം കുന്നേല്‍ പരേതനായ മത്തായിയുടെ മകന്‍ സിജോ എന്നിവരുടെ താമസസ്ഥലത്തും എത്തി. സജിയെയും ഭാര്യ ജോളി, മക്കളായ ജോഷ്വല്‍, കാതറിന്‍ എന്നിവരെയും ആശ്വസിപ്പിച്ച എഡിജിപി സജിയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്താണ് ഉണ്ടായതെന്ന ചോദ്യത്തിന് എല്ലാം ഒരു നിമിഷംകൊണ്ട് കഴിഞ്ഞുവെന്നായിരുന്നു ഗദ്ഗധത്തോടെ സജി പറഞ്ഞത്. മരണമടഞ്ഞ അമ്മ റോസിയും മകള്‍ എയ്ഞ്ചലും ഉറങ്ങിയിരുന്നത് വീട്ടിലെ ഒരു മുറിയിലും രക്ഷപ്പെട്ടവര്‍ കഴിഞ്ഞിരുന്നത് മറ്റൊരു മുറിയിലുമായിരുന്നു. വലിയൊരു ശബ്ദം കേട്ടു പിന്നെ ഒന്നും വിവരിയ്ക്കാന്‍ സജിയ്ക്കായില്ല. എല്ലാം മറക്കണം, പുതുജീവിതം ആരംഭിയ്ക്കണമെന്ന് സന്ധ്യ ആവശ്യപ്പെട്ടപ്പോള്‍ തനിയ്ക്ക് അതിനാവില്ലെന്ന് പറഞ്ഞ് സജി പൊട്ടികരഞ്ഞു. ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് എഡിജിപി കൂടെയുണ്ടായിരുന്ന മുതിര്‍ന്ന പോലിസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന പാതയോരത്താണ് തങ്കയും നാലംഗ കുടുംബവും ദുരന്തം നടക്കുമ്പോള്‍ വിദേശത്തായിരുന്ന കുടുംബം നഷ്ടപെട്ട സിജോയും താമസിയ്ക്കുന്നത്. ഇവിടെയുമെത്തി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയായിരുന്നു മടക്കം. തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ട് എം കെ ശ്രീജ, വൈസ് പ്രസിഡണ്ട് സി വി സുനില്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍ പി എന്‍ ജയന്തന്‍ പോലിസ് ഓഫീസര്‍മാരായ എസ് പി കെ എസ് സുദര്‍ശന്‍, വടക്കാഞ്ചേരി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി എസ് സുരേഷ്, എ എസ് ഐമാരായ പി ആര്‍ രാജേന്ദ്രന്‍, പി എല്‍ ജോര്‍ജ്, പി പി ബാബു, കേരള പോലിസ് അക്കാദമിയിലെ ഓഫീസര്‍മാര്‍ എന്നിവരും സന്ധ്യയോടൊപ്പം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it