Flash News

ദുരന്തനിവാരണ മേഖലയില്‍ പുതിയ ചട്ടങ്ങളും പദ്ധതികളും രൂപീകരിക്കണം



തിരുവനന്തപുരം: ദുരന്തനിവാരണ മേഖലയില്‍ പുതിയ ചട്ടങ്ങളും പദ്ധതികളും അനിവാര്യമാണെങ്കില്‍ സമയബന്ധിതമായി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ റൂളിങ്. കേന്ദ്രനിയമത്തിന് അനുസരിച്ച് ചട്ടങ്ങളോ പദ്ധതികളോ രൂപീകരിക്കാത്തതിനാല്‍ ദുരന്തനിവാരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ കേന്ദ്രസഹായം നേടിയെടുക്കുന്നതിനോ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി എം ഉമ്മര്‍ അവതരിപ്പിച്ച ക്രമപ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് റൂൡങ്. 2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമത്തിന്റെ ഭാഗമായി 2007ല്‍ ചട്ടം രൂപീകരിച്ച് സമര്‍പ്പിച്ചതായാണ് കാണുന്നതെന്ന് റൂളിങില്‍ പറഞ്ഞു. പുതിയ ചട്ടങ്ങളും പദ്ധതികളും രൂപീകരിക്കുന്നത് അനിവാര്യമാണെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. ഭരണഘടനയുടെ 256ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങളും രൂപീകരിക്കേണ്ടതുണ്ടെന്ന് എം ഉമ്മര്‍ ക്രമപ്രശ്‌നത്തില്‍ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ പദ്ധതികള്‍ തയ്യാറാക്കി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിലൂടെ ദുരന്തനിവാരണ മേഖലയില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനോ അവ നടപ്പാക്കുന്നതിനുള്ള കേന്ദ്രസഹായം നേടിയെടുക്കുന്നതിനോ കഴിഞ്ഞിട്ടില്ല. ഇതു ഗുരുതരമായ വീഴ്ചയാണെന്നും ഉമ്മര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം ചട്ടം രൂപീകരിച്ചിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മറുപടി പറഞ്ഞു. 197 വില്ലേജുകളിലും തിരുവനന്തപുരം, കൊല്ലം, എറണാകുളം നഗരസഭകളിലെ ചില വാര്‍ഡുകളിലും ദുരന്തലഘൂകരണ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ മറ്റു വാര്‍ഡുകളിലും പദ്ധതി തയ്യാറാക്കും. പദ്ധതിക്കായി കേന്ദ്രസഹായം ലഭിക്കുന്നില്ലെന്നും വകുപ്പു തന്നെ സ്വന്തമായി പണം കണ്ടെത്തേണ്ട സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it