Alappuzha local

ദുരന്തനിവാരണ തയ്യാറെടുപ്പുകള്‍ നാളെ പരിശോധിക്കും

ആലപ്പുഴ: സുനാമി ദുരന്തം നേരിടാന്‍ ജില്ല സജ്ജമാണോയെന്നു പരിശോധിക്കുന്നതിന് മോക് ഡ്രില്‍ നാളെ ആലപ്പുഴ ബീച്ചില്‍ നടക്കും. വ്യോമസേനയുടെ ഹെലികോപ്ടറടക്കം മോക് ഡ്രില്ലില്‍ പങ്കെടുക്കും.
ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു വരുന്നതുമുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതുവരെയുള്ള ഘട്ടങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും മറ്റു വകുപ്പുകളും സ്വീകരിക്കേണ്ട യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് മോക് ഡ്രില്ലില്‍ തല്‍സമയം ആവിഷ്‌കരിക്കപ്പെടുക.
ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് മോക് ഡ്രില്‍ നടക്കുക. തിരുവനന്തപുരത്ത് സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ നിന്ന് സാങ്കല്‍പിക സുനാമി അറിയിപ്പ് ലഭിച്ചാലുടന്‍ ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാവും. അപായ സന്ദേശം ലഭിച്ചാലുടന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി അംഗങ്ങളെല്ലാം ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ എത്തും.
തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാര സമിതി അടിയന്തിരയോഗം ചേര്‍ന്ന് എല്ലാ വകുപ്പുകള്‍ക്കും അറിയിപ്പു നല്‍കും. ഇ-മെയില്‍, ഫോണ്‍, ഫാക്‌സ്, ഹാം റേഡിയോ ഉള്‍പ്പടെയുള്ള സംവിധാനങ്ങളിലൂടെയാകും വകുപ്പുകള്‍ക്ക് അറിയിപ്പ് നല്‍കുക.
250 മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റും. റിക്രിയേഷന്‍ മൈതാനമാണ് താല്‍ക്കാലിക സുരക്ഷിതസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നത്. പോലിസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ്, അഗ്നിശമനവിഭാഗം, മെഡിക്കല്‍ സംഘം, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍, കോസ്റ്റ് ഗാര്‍ഡ് ദുരന്തസ്ഥലത്ത് എത്തും. തൊട്ടടുത്തുള്ള ആശുപത്രിയില്‍ ദുരന്ത ബാധിതര്‍ക്ക് ചികില്‍സയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കും. കണ്‍ട്രോള്‍ റൂം തുറക്കും.
വ്യോമസേനയുടെയും നാവികസേനയുടെയും ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് എയര്‍ഡ്രോപ്പിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, എഡിഎം ജെ ഗിരിജ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ ആര്‍ ചിത്രാധരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it