ദുരന്തനിവാരണ കോഴ്‌സ് എംജി പാഠ്യപദ്ധതിയുടെ ഭാഗമാക്കും

കോട്ടയം: സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പാഠ്യപദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ റിപോര്‍ട്ട് തേടാന്‍ എംജി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി ദുരന്തനിവാരണ കോഴ്‌സുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന യുജിസിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം.
ഭൂകമ്പം, ബോംബ് ഭീഷണി, സ്‌ഫോടനം, കാംപസ് വെടിവയ്പ്, ഭീകരാക്രമണം, സാമ്പത്തിക അടിയന്തരാവസ്ഥ, പ്രകൃതിക്ഷോഭം, മാരകമായ വസ്തുക്കള്‍ കൊണ്ടുള്ള അപകടങ്ങള്‍ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് യുജിസി നിര്‍ദേശം. ചോദ്യബാങ്ക് സംവിധാനത്തില്‍ നിയമബിരുദ കോഴ്‌സുകളെ കൂടി ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും അഞ്ചാം സെമസ്റ്ററില്‍ സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കി. മഴവെള്ളക്കൊയ്ത്തിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാവുന്ന വിധം ജലനയം എന്ന വിഷയം ബിരുദ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് യോഗം അംഗീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, യുപി സ്‌കൂള്‍ അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് ഭാഗികസമയ ഗവേഷണാവസരം അനുവദിക്കുന്നതിനും ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്‌സിന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കുന്നതിനും അംഗീകാരം നല്‍കി.
പിഎച്ച്ഡി പ്രോഗ്രാമിന് 2016ലെ യുജിസി നിബന്ധനകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി റിസര്‍ച്ച് ഡയറക്ടറുടെ നേതൃത്വത്തില്‍ ഗൈഡുമാരുടെ യോഗം വിളിക്കും. ഇതുസംബന്ധിച്ച് അക്കാദമിക് കൗണ്‍സില്‍ സ്റ്റാന്റിങ് കമ്മിറ്റി നിയോഗിച്ച സമിതി സമര്‍പ്പിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ കരട് യോഗം പരിഗണിച്ചു. പ്രമേയങ്ങള്‍ യോഗം പാസാക്കി. എംജി സര്‍വകലാശാല കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it